സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വവുമായി കലഹിച്ച പാര്‍ട്ടി വനിതാ നേതാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സിപിഎം തിരുമാറാടി ലോക്കല്‍ കമ്മിറ്റിയംഗം മണ്ണത്തൂര്‍ സ്വദേശിനി ആശാ രാജുവിനെയാണ് വീടിന് സമീപത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി ഒന്‍പതോടെ വീടിനടുത്ത് നിന്ന് ഉച്ചത്തില്‍ ശബ്ദം കേട്ട് നാട്ടുകാര്‍ എത്തുകയായിരുന്നു. പിന്നാലെ നടത്തിയ തിരച്ചിലില്‍ റബ്ബര്‍ തോട്ടത്തിലേക്ക് വീണു കിടക്കുന്ന നിലയില്‍ ഇവരെ കണ്ടെത്തുകയായിരുന്നു.
ഉടന്‍ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൂവാറ്റുപുഴ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം പാര്‍ട്ടി പ്രാദേശിക നേതൃത്വം തന്നോട് കാട്ടിയ അനീതിയെ കുറിച്ച് പത്രസമ്മേളനം നടത്തി വിശദീകരിക്കുമെന്ന് ആശരാജ് പറയുന്നതായുള്ള ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു. തന്റെ ജീവന്‍ തന്നെ നഷ്ടപ്പെട്ടേക്കാമെന്നും ഇവര്‍ സന്ദേശത്തില്‍ പറയുന്നുണ്ട്.