Dominic and the Ladies purse: 'ഷെര്‍ലക് ഹോംസിന്റെ കടുത്ത ആരാധകന്‍, പക്ഷേ പേടിത്തൊണ്ടന്‍'; ഡൊമിനിക് ആന്‍ഡ് ദ് ലേഡീസ് പേഴ്‌സില്‍ മമ്മൂട്ടി ചിരിപ്പിക്കും

രേണുക വേണു
വെള്ളി, 6 ഡിസം‌ബര്‍ 2024 (11:01 IST)
Mammootty and Gautam Vasudev Menon - Dominic and The Ladies Purse Movie

Dominic and the Ladies purse: മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന 'ഡൊമിനിക് ആന്‍ഡ് ദ് ലേഡീസ് പേഴ്‌സ്' അടുത്ത മാസം തിയറ്ററുകളിലെത്തുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. വളരെ വ്യത്യസ്തമായ ഒരു രസികന്‍ വേഷത്തിലാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുകയെന്നാണ് ടീസറില്‍ നിന്ന് വ്യക്തമാകുന്നത്. അതോടൊപ്പം ലേഡീസ് ആന്‍ഡ് ദ് പേഴ്‌സിന്റെ ഉള്ളടക്കത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. 
 
ഷെര്‍ലക് ഹോംസിനോടുള്ള ആരാധന മൂത്ത് പ്രൈവറ്റ് ഡിറ്റക്ടീവ് ആയി നടക്കുന്ന ആളാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന ഡൊമിനിക് എന്ന കഥാപാത്രം. ഷെര്‍ലക് ഹോംസിനെ പോലെ കുറ്റാന്വേഷണത്തില്‍ തല്‍പ്പരനാണെങ്കിലും പേടിയാണ് ഡൊമിനിക് നേരിടുന്ന വെല്ലുവിളി. ഇങ്ങനെയൊരു കഥാപാത്രം വളരെ സങ്കീര്‍ണമായ ഒരു ക്രൈമിനു പിന്നാലെ അന്വേഷണവുമായി സഞ്ചരിക്കുന്നു. അതിനിടയിലെ രസകരമായ സംഭവങ്ങളും ത്രില്ലടിപ്പിക്കുന്ന ഇന്‍വസ്റ്റിഗേഷനുമാണ് സിനിമയുടെ പ്രധാന ഉള്ളടക്കമെന്നാണ് വിവരം. 
 
ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. ഡോ.നീരജ് രാജന്‍, ഡോ.സൂരജ് രാജന്‍, ഗൗതം വാസുദേവ് മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നീരജ് രാജന്റേതാണ് കഥ. വിഷ്ണു ആര്‍ ദേവ് ആണ് ഛായാഗ്രഹണം. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ദര്‍ബുക ശിവ. സുഷ്മിത ബട്ട് ആണ് ചിത്രത്തില്‍ നായിക. ഗോകുല്‍ സുരേഷ്, വിജി വെങ്കിടേഷ്, വിനീത്, വിജയ് ബാബു തുടങ്ങിയവര്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article