'നീ നല്ലോണം നോക്കിക്കോണം കേട്ടോ' എന്ന് മമ്മൂക്ക പറയും, നന്നായി നോക്കിയില്ലെങ്കിൽ എന്നെ മമ്മൂക്ക വഴക്ക് പറയും'; അച്ഛൻ മൂപ്പരുടേത് കൂടിയാണ്!

നിഹാരിക കെ.എസ്
വ്യാഴം, 26 ഡിസം‌ബര്‍ 2024 (14:28 IST)
മലയാളത്തിന്റെ മഹാനായ എഴുത്തുകാരൻ എംടി വാസുദേവൻ നായർ വിടവാങ്ങിയിരിക്കുകയാണ്. എംടിയുടെ വിയോഗം സിനിമാ ലോകത്തിനും തീരാവേദനയാണ്. എണ്ണം പറഞ്ഞ സിനിമകൾ സമ്മാനിച്ച സംവിധായകനും തിരക്കഥാകൃത്തുമൊക്കെയായിരുന്നു എം.ടി. അദ്ദേഹത്തിന്റെ കഥകളും കഥാപാത്രങ്ങളും സിനിമയുള്ളിടത്തോളം കാലം ഇവിടെയൊക്കെ തന്നെയുണ്ടാകും. 
 
പ്രിയ കഥാകാരന്റെ വേർപാടിൽ സിനിമാ ലോകത്തു നിന്നും മമ്മൂട്ടിയും മോഹൻലാലുമടക്കമുള്ള പ്രമുഖരെല്ലാം അനുശോചനവുമായി എത്തിയിട്ടുണ്ട്. വളരെ വൈകാരികമായിട്ടായിരുന്നു മമ്മൂട്ടിയും മോഹൻലാലുമെല്ലാം പ്രതികരിച്ചതും. ഇവരുമായി എം.ടിക്ക് വളരെ അടുത്ത ബന്ധമാണുള്ളത്. അതുൽ മമ്മൂട്ടിയുമായുള്ള ബന്ധം കുറച്ചുകൂടി ഹൃദയത്തോട് ചേർന്നതായിരുന്നു. 
 
മമ്മൂട്ടിയും എംടിയും തമ്മിൽ അച്ഛൻ മകൻ ബന്ധമാണെന്ന് പലപ്പോഴും തോന്നിപ്പിച്ചിരുന്നു. ഒരിക്കൽ എംടിയും മമ്മൂട്ടിയും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ച് എംടിയുടെ മകൾ അശ്വതി നായർ മനസ് തുറന്നിരുന്നു. മനോരഥങ്ങളുടെ പ്രൊമോഷന്റെ ഭാഗമായി സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിലാണ് അശ്വതി ഇരുവരുടെയും ബോണ്ടിങിനെ കുറിച്ച് സംസാരിച്ചത്. അശ്വതിയുടെ വാക്കുകൾ എം.ടി യാത്രയാകുമ്പോൾ വേദനയോടെയാണ് കേൾക്കാനാകുക.
 
അച്ഛനെ നന്നായി നോക്കണമെന്ന് മമ്മൂട്ടി ഇടയ്ക്ക് പറയുമെന്നും അച്ഛൻ മൂപ്പരുടേത് കൂടിയാണെന്ന് ആ വാക്കുകളിൽ നിന്ന് മനസിലാകുമെന്നുമാണ് അശ്വതി പറഞ്ഞത്. അച്ഛന് ഏറ്റവും പ്രിയപ്പെട്ടവരിൽ ഒരാളാണ് മമ്മൂക്ക. തിരിച്ച് മമ്മൂക്കക്കും അതുപോലെയാണ്. ഒരു പ്രത്യേക വാത്സല്യം അച്ഛന് മമ്മൂക്കയോടുണ്ട് എന്നാണ് അശ്വതി പറയുന്നത്.
 
''നീ നല്ലോണം നോക്കിക്കോണം കേട്ടോ എന്ന് മമ്മൂക്ക എന്നോട് പറയാറുണ്ട്.അച്ഛൻ മൂപ്പരുടേത് കൂടിയാണെന്നുള്ള ഓർമപ്പെടുത്തലാണ് എനിക്ക് അത്. ഒരു പ്രൊട്ടക്ടീവ് സ്ട്രീക്ക് മമ്മൂക്കക്ക് അച്ഛനോടുണ്ട്. അച്ഛനെ നന്നായി നോക്കിയില്ലെങ്കിൽ മമ്മൂക്ക എന്നെ വഴക്ക് പറയാറുണ്ട്. ചെറുപ്പം മുതലേ ഞാൻ കണ്ടുവളരുന്നതാണ് അവർ തമ്മിലുള്ള ബന്ധം'' അശ്വതി പറയുന്നു.
     

അനുബന്ധ വാര്‍ത്തകള്‍

Next Article