'ഇതെന്താണ് ലാലേട്ടാ... കഥയൊന്നും ഇല്ലല്ലോ'; ബറോസ് നിരാശപ്പെടുത്തി, സംവിധായകൻ കുപ്പായം മോഹൻലാലിന് ചേരില്ല?

നിഹാരിക കെ.എസ്

വ്യാഴം, 26 ഡിസം‌ബര്‍ 2024 (10:20 IST)
വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്നലെ ക്രിസ്മസ് ദിനത്തിലാണ് ബറോസ് റിലീസ് ആയത്. മോഹൻലാൽ നായകനായ ചിത്രം മോഹൻലാൽ തന്നെയാണ് സംവിധാനം ചെയ്തിരിക്കുന്നത്. മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമാണ് ബറോസ്. ഏറെ പ്രതീക്ഷ നൽകിയ ചിത്രം പക്ഷെ പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ല. കുട്ടികള്‍ക്ക് കണ്ടിരിക്കാന്‍ പറ്റുന്ന ഒരു ശരാശരി ചിത്രം മാത്രമാണ് ബറോസ് എന്നാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്ന അഭിപ്രായങ്ങള്‍. 
 
സിനിമയുടെ പിന്നില്‍ ഒരുപാട് കഷ്ടപ്പാടുകള്‍ എന്നത് ശരിയാണ്, ടെക്‌നിക്കലി അത് വ്യക്തവുമാണ്, എന്നാല്‍ അതുകൊണ്ട് മാത്രം സിനിമ നന്നാവില്ലല്ലോ, കുട്ടികള്‍ക്ക് പോലും ഇഷ്ടമാവില്ല എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഫാന്റസി ജോണറില്‍ ഒരുക്കിയ ബറോസ് എന്ന ഭൂതമായാണ് ലീഡ് റോളില്‍ മോഹന്‍ലാല്‍ സിനിമയില്‍ വേഷമിടുന്നത്. 
 
”ജനുവരി 25നും ഡിസംബര്‍ 25നും കൊല്ലത്തിന്റെ തുടക്കത്തിലും അവസാനത്തിലും ആറ്റം ബോംബ് ഇട്ട അപൂര്‍വ്വ റെക്കോര്‍ഡ്” എന്നാണ് മലൈകോട്ടെ വാലിബന്‍, ബറോസ് എന്നീ സിനിമകളുടെ ചിത്രം വച്ച് ഒരു പ്രേക്ഷകന്‍ കുറിച്ചത്. ”ബറോസ് കുട്ടികള്‍ക്ക് കണ്ടിരിക്കാവുന്ന ശരാശരി 3ഡി ചിത്രമാണ്. പതിയെ നീങ്ങുന്ന ചിത്രം ഒരു പഴംങ്കഥ പോലെ കണ്ടിരിക്കാന്‍ സാധിച്ചാല്‍ ഇഷ്ടമാകും…” എന്നാണ് ഒരു പ്രേക്ഷകന്റെ അഭിപ്രായം.
 
”എവിടെയൊക്കെയോ ഒരു നാടകം കാണുന്ന ഫീലായിരുന്നു. ഇങ്ങനെ തോന്നാന്‍ പ്രധാന കാരണം സംഭാഷണങ്ങളും മോഹന്‍ലാല്‍ ഒഴികെയുള്ളവരുടെ മോശം പ്രകടനങ്ങളുമാണ്. അതോടൊപ്പം തന്നെ ഇഴഞ്ഞു നീങ്ങുന്ന കഥയും… നല്ല ഗാനങ്ങളും കാസ്റ്റിംഗും ഡയലോഗുകളും ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ ഭേദപ്പെട്ട അനുഭവം ആയെനേ. ഒരു വൗ മൊമന്റ് പോലും ഇത്രയും ബജറ്റ് ഉള്ള സിനിമയില്‍ കുട്ടികള്‍ തോന്നുമോ എന്ന് സംശയമാണ്..” എന്നാണ് മറ്റൊരു പ്രേക്ഷകന്റെ അഭിപ്രായം.
 
”സഹിക്കാന്‍ വയ്യാരുന്നു… നല്ലൊരു ക്രിസ്മസും ആയിക്കൊണ്ട്, ശരിക്കും പറഞ്ഞാല്‍ ടോര്‍ച്ചറിങ് ആയിരുന്നു.. ഒന്ന് കഴിഞ്ഞ് കിട്ടാന്‍ വേണ്ടി എന്തോരം ആഗ്രഹിച്ചു.. പിന്നെ ലാലേട്ടന്റെ ആഗ്രഹം അദ്ദേഹം സാധിച്ചു എന്നതില്‍ സന്തോഷം ഉണ്ട്” എന്നാണ് മറ്റൊരു അഭിപ്രായം. അതേസമയം, നെഗറ്റീവ് പ്രതികരണങ്ങള്‍ക്കൊപ്പം നല്ല അഭിപ്രായങ്ങളും എത്തുന്നുണ്ട്. മലയാളത്തില്‍ കണ്ടതില്‍ സാങ്കേതികമായി ഏറ്റവും മികച്ച 3ഡി സിനിമയാണ് എന്നും ചിലര്‍ പറയുന്നുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍