അന്തരിച്ച എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ ഓര്‍മ്മകളിലാണ് ഗായകന്‍ ഉണ്ണിമേനോന്‍. വളരെ പോപ്പുലര്‍ ആയി മാറിയ സുദര്‍ശനം ആല്‍ബത്തില്‍ അദ്ദേഹം രചിച്ച അഞ്ചു ഗാനങ്ങള്‍ ഉള്‍പ്പടെ നിരവധി ഗാനങ്ങള്‍ പാടാന്‍ തനിക്ക് സാധിച്ചെന്നും ഗാനരചയിതാവ് , സാഹിത്യകാരന്‍ , അഭിനേതാവ് , കലാനിരൂപകന്‍, തിരക്കഥാകൃത് എന്നിങ്ങനെ പല മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു മഹാപ്രതിഭയെയാണ് നഷ്ടപ്പെട്ടതെന്നും ഉണ്ണി മേനോന്‍ പറഞ്ഞിരുന്നു.
ഉണ്ണിമേനോന്റെ വാക്കുകള്‍
മാസ്മരികമായ ഭക്തിലഹരി നിറയുന്ന ഒട്ടനവധി കൃഷ്ണഗീതങ്ങള്‍ ഇന്നലെ നമ്മെ വിട്ടുപിരിഞ്ഞ ശ്രീ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ തൂലികത്തുമ്പില്‍ നിന്നും നമുക്ക് കിട്ടിയിട്ടുണ്ട്. അതില്‍ ഒരുപാട് ഗാനങ്ങള്‍ക്ക് ശബ്ദ സാന്നിധ്യമാവാന്‍ ഭാഗ്യമുണ്ടായത് ഭഗവാന്റെ അനുഗ്രഹം.
ഗുരുവായൂരപ്പ ഭക്തിഗാന കാസറ്റുകളില്‍ ഏറെ പ്രശസ്തമാണ് 'സുദര്‍ശനം'. ഇതില്‍ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി ചേട്ടന്‍ രചിച്ചു, ജയവിജയന്മാരിലെ ശ്രീ ജയന്‍ സംഗീതം നിര്‍വഹിച്ച 'ഒരു നേരം തൊഴുതു മടങ്ങുമ്പോള്‍..' എന്ന ഗാനമാവട്ടെ ഇന്ന്.കൃഷ്ണന്‍കുട്ടി ചേട്ടന്റെ ദീപ്ത സ്മരണകള്‍ക്ക് മുന്നില്‍ പ്രണാമം