Bramayugam: മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം നാളെ മുതല്‍ തിയറ്ററുകളില്‍. വേള്‍ഡ് വൈഡായി അഞ്ച് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. ചിത്രത്തിന്റെ പ്രീ സെയില്‍ ബുക്കിങ് പുരോഗമിക്കുകയാണ്. ഇതുവരെയുള്ള റിപ്പോര്‍ട്ട് അനുസരിച്ച് ഭ്രമയുഗത്തിന്റെ കേരള പ്രീ സെയില്‍ ഒരു കോടിയിലേക്ക് അടുക്കുകയാണ്. റിലീസിനു മുന്‍പ് കേരളത്തില്‍ നിന്ന് മാത്രം ഒന്നര കോടി പ്രീ സെയില്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ. വേള്‍ഡ് വൈഡ് പ്രീ സെയില്‍ രണ്ട് കോടിയിലേക്ക് എത്തിയിട്ടുണ്ട്.
അതേസമയം വെറും അഞ്ച് അഭിനേതാക്കള്‍ മാത്രമാണ് ഭ്രമയുഗത്തില്‍ വേഷമിട്ടിരിക്കുന്നത്. കുഞ്ചമന്‍ പോറ്റി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ നാല് പേര്‍ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അര്‍ജുന്‍ അശോകന്‍, അമാല്‍ഡ ലിസ്, സിദ്ധാര്‍ത്ഥ് ഭരതന്‍, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
തന്ത്രവും മായയും ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്ന പ്രാചീന കേരളത്തിലാണ് കഥ നടക്കുന്നത്. പാണ സമുദായത്തില്‍ നിന്നുള്ള തേവന്‍ എന്ന നാടോടി പാട്ടുകാരന്‍ ദുരൂഹത നിറഞ്ഞ ഒരു മനയ്ക്കലേക്ക് അവിചാരിതമായി എത്തിപ്പെടുന്നു. അടിമ വില്‍പ്പന നടക്കുന്ന ഒരു ചന്തയില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെയാണ് തേവന്‍ ഈ മനയ്ക്കലില്‍ എത്തുന്നത്. കുഞ്ചമന്‍ പോറ്റിയെന്ന മമ്മൂട്ടി കഥാപാത്രമാണ് ഈ മനയുടെ ഉടമ. അര്‍ജുന്‍ അശോകന്‍ ആണ് തേവന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ 50 മിനിറ്റ് ദൈര്‍ഘ്യം മാത്രമാണ് മമ്മൂട്ടി കഥാപാത്രത്തിനുള്ളത്.