ഇത് മൈക്കിള്‍ അല്ല ഭീഷ്മര്‍ തന്നെ ! അമല്‍ നീരദ് ചിത്രത്തിലെ മഹാഭാരതം റഫറന്‍സ്

Webdunia
വ്യാഴം, 3 മാര്‍ച്ച് 2022 (12:51 IST)
അമല്‍ നീരദ്-മമ്മൂട്ടി ചിത്രത്തിന് ഭീഷ്മ പര്‍വ്വം എന്ന പേര് വന്നതിനെ കുറിച്ച് പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ച നടന്നിരുന്നു. സിനിമ തിയറ്ററുകളിലെത്തിയതിനു പിന്നാലെ പലര്‍ക്കും അതിനുള്ള ഉത്തരം കിട്ടി. മഹാഭാരതം റഫറന്‍സുകളാണ് സിനിമയ്ക്ക് ഭീഷ്മ പര്‍വ്വം എന്ന പേര് വരാന്‍ കാരണം. 
 
മഹാഭാരതത്തിലെ ഭീഷ്മരെ ഓര്‍മിപ്പിക്കുന്ന വിധമാണ് മമ്മൂട്ടിയുടെ മൈക്കിള്‍ എന്ന കഥാപാത്രത്തെ സിനിമയിലുടനീളം ബില്‍ഡ് ചെയ്തിരിക്കുന്നത്. സ്വന്തം പിതാവിന് വേണ്ടി ജീവിക്കുന്ന ഭീഷ്മരെയാണ് മഹാഭാരതത്തില്‍ വരച്ചുകാണിക്കുന്നത്. ഭീഷ്മ പര്‍വ്വത്തിലെ മൈക്കിളും അതിനു സമാനമാണ്. പിതാവിന്റെ മരണ സമയത്തെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും മാത്രം മനസ്സില്‍ കൊണ്ടുനടക്കുന്ന മൈക്കിള്‍. അപ്പന്‍ പറഞ്ഞ കാര്യങ്ങള്‍ മാത്രം കുടുംബത്തില്‍ നടക്കണമെന്ന് ആഗ്രഹിക്കുന്ന മൈക്കിള്‍. 
 
സ്വന്തം പിതാവിന് വേണ്ടി മരണം വരെ ബ്രഹ്മചര്യം അനുഷ്ഠിച്ച ഭീഷ്മരെയാണ് മഹാഭാരതത്തില്‍ കാണുന്നത്. ഭീഷ്മ പര്‍വ്വത്തിലെ മൈക്കിള്‍ അവിവാഹിതനാണ്. കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളാണ് അതിനു കാരണം.

സ്വന്തം ഇച്ഛ പ്രകാരം മാത്രമേ മരിക്കാന്‍ സാധിക്കൂ എന്ന വരം ഭീഷ്മര്‍ക്ക് ലഭിച്ചിരുന്നു. ഭീഷ്മ പര്‍വ്വത്തില്‍ മൈക്കിള്‍ സമാനമായ ഒരു ഡയലോഗ് സ്വന്തം സഹോദരനോട് പറയുന്ന ഭാഗമുണ്ട്. നിങ്ങള്‍ക്ക് എന്റെ മരണത്തിനായി ശ്രമിക്കാം, പക്ഷേ അതിനു ഞാന്‍ കൂടി തീരുമാനിക്കണം എന്നാണ് മൈക്കിള്‍ പറയുന്നത്. 

മഹാഭാരതത്തില്‍ ഭീഷ്മര്‍ക്ക് ഉണ്ടാകുന്ന വളരെ ഇമോഷണല്‍ ആയ ചില നഷ്ടങ്ങളുണ്ട്. ഏറ്റവും പ്രിയപ്പെട്ടവരുടെ ജീവന്‍ നഷ്ടപ്പെടുന്നതാണ് അത്. ഭീഷ്മ പര്‍വ്വത്തില്‍ മൈക്കിളിന് തന്റെ ജീവിതത്തില്‍ വളരെ പ്രിയപ്പെട്ടവരുടെ മരണം കാണേണ്ടി വരുന്നത് അത്തരത്തിലൊരു ഇമോഷണല്‍ പരിസരം ഉണ്ടാക്കിയെടുക്കുന്നതിന്റെ ഭാഗമായാണ്.
 
ശരശയ്യയില്‍ കിടന്ന് യുദ്ധത്തിനായി നിര്‍ദേശങ്ങള്‍ നല്‍കുന്ന ഭീഷ്മരേയും ക്ലൈമാക്‌സ് സീനുകളില്‍ മൈക്കിള്‍ ഓര്‍മപ്പെടുത്തുന്നു. ഇതുപോലെ മഹാഭാരത്തിലെ ഒട്ടേറെ ഭീഷ്മ റഫറന്‍സുകള്‍ സിനിമയില്‍ ഉടനീളം കാണാന്‍ സാധിക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article