പ്രിഥ്വിരാജ് ചിത്രത്തിലൂടെ എ ആർ റഹ്മാൻ വീണ്ടും മലയാളത്തിലേക്ക് ?

Webdunia
വ്യാഴം, 30 നവം‌ബര്‍ 2017 (12:50 IST)
ഓസ്‌കാർ ജേതാവും പ്രശസ്ത സംഗീതസംവിധായകനുമായ എ ആർ റഹ്മാൻ മലയാളത്തിലേക്ക് തിരിച്ചെത്തുന്നതായി റിപ്പോര്‍ട്ട്. പ്രിഥ്വിരാജ് നായകനാവുന്ന ബ്ലെസി സംവിധാനം ചെയ്യുന്ന ആടു ജീവിതം എന്ന ചിത്രത്തിലൂടെയാണ് റഹ്മാന്‍ തിരിച്ചത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ചിത്രത്തിനുവേണ്ടി സംഗീതമൊരുക്കാൻ റഹ്മാന്‍ സമ്മതിച്ചതായും ഔദ്യോഗിക സ്ഥിരീകരണം ഉടനുണ്ടാകുമെന്നും സൂചനയുണ്ട്. 
 
1992 ൽ സംഗീത് ശിവന്റെ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ യോദ്ധയിലായിരുന്നു റഹ്മാന്റെ സംഗീതം മലയാളികള്‍ കേട്ടത്. ആ സിനിമയിലെ എല്ലാ പാട്ടുകളും വലിയ ഹിറ്റായി മറുകയും ചെയ്തിരുന്നു. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ആടു ജീവിതത്തിന്റെ ഷൂട്ടിങ് അടുത്ത വർഷം തുടങ്ങുമെന്നാണ്  വിവരം. പ്രശസ്ത എഴുത്തുകാരനായ ബെന്യാമിന്റെ നോവലാണ് അതേ പേരിൽ തന്നെ സിനിമയാകുന്നത് 
 
ഒരുപാടു സ്വപ്നങ്ങളുമായി സൗദി അറേബ്യയില്‍ എത്തിയ ശേഷം വഞ്ചിക്കപ്പെട്ട് മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണമായ സാഹചര്യങ്ങളിൽ മൂന്ന് വർഷത്തിലേറെക്കാലം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ് ആടുജീവിതം. 2009-ൽ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാളം നോവലിനുള്ള പുരസ്‌കാരവും 2015ലെ പത്മപ്രഭാ പുരസ്‌കാരവും ആടുജീവിതത്തിന് ലഭിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article