പൃഥ്വിരാജ് - മോഹന്‍ലാല്‍ ടീമിന്‍റെ ലൂസിഫര്‍ മേയ് 1ന് ചിത്രീകരണം തുടങ്ങും, തിരക്കഥ പൂര്‍ത്തിയാകുന്നു
തിങ്കള്‍, 13 നവംബര്‍ 2017 (13:18 IST)
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്‍റെ ചിത്രീകരണം 2018 മേയ് ഒന്നിന് ആരംഭിക്കും. ഈ സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കി വരികയാണ് മുരളി ഗോപി. മേയ് ഒന്നുമുതല്‍ ഓഗസ്റ്റ് വരെ പൃഥ്വിരാജ് ഈ സിനിമയുടെ ജോലികളില്‍ ആയതിനാല്‍ അദ്ദേഹം ആ സമയത്ത് അഭിനയത്തിന് അവധികൊടുക്കുമെന്നും വിവരമുണ്ട്.
ടിയാന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചുനടന്ന ചര്‍ച്ചകള്‍ക്കിടെയാണ് മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യാന്‍ പൃഥ്വി തീരുമാനിച്ചത്. ലൂസിഫര്‍ എന്ന തിരക്കഥ മുരളി ഗോപി പൃഥ്വിക്ക് നല്‍കിയതും ഈ ലൊക്കേഷനില്‍ വച്ചാണ്.
കാമ്പില്ലാത്ത സിനിമകള്‍ക്ക് ഇനി തലവച്ചുകൊടുക്കില്ല എന്ന തീരുമാനമെടുത്ത ശേഷം മോഹന്‍ലാല്‍ നല്ല തിരക്കഥകളുമായി വരുന്നവരെ രണ്ടുകൈയും നീട്ടി സ്വീകരിക്കുകയാണ്. മുരളി ഗോപിയുടെ തിരക്കഥയില്‍ ആവേശം കയറിയ മോഹന്‍ലാല്‍ ഈ പ്രൊജക്ടിന് ഉടന്‍ തന്നെ സമ്മതം മൂളുകയായിരുന്നു.
‘ഈ അടുത്ത കാലത്ത്’, ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ എന്നിവ ബ്രില്യന്‍റ് തിരക്കഥകളായിരുന്നു. മോഹന്‍ലാലിനെ മനസില്‍ കണ്ടെഴുതിയ ലൂസിഫറും വളരെ ത്രില്ലിംഗാണെന്ന അഭിപ്രായമാണുള്ളത്. സിനിമാലോകത്തെ പലരും ഈ ചിത്രത്തിന്‍റെ കഥ കേട്ട് വളരെ ഗംഭീരമാണെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചിരിക്കുന്നത്.
ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മ്മിക്കുന്നത്. ഒരേസമയം മോഹന്‍ലാലിന്‍റെ താരപരിവേഷവും അഭിനയവും മുതലാക്കുന്ന ചിത്രമായിരിക്കും ഇത്. പൂര്‍ണമായും ഫെസ്റ്റിവല്‍ മൂഡ് ഉണ്ടാക്കുന്ന ചിത്രം. ലാല്‍ ഫാന്‍സുകാര്‍ക്കും ആഘോഷിക്കാന്‍ പറ്റുന്ന ചിത്രം എന്നു പറയാം.
ലൂസിഫര്‍ സിനിമയിലെ മോഹന്‍ലാലിന്‍റെ ഫസ്റ്റ് ലുക്ക് നേരത്തേ പുറത്തുവിട്ടിരുന്നു. അത് കണ്ട മലയാളികളൊക്കെ അന്തംവിട്ടിരിക്കുകയാണ്. എന്തൊരടിപൊളി ലുക്കാണത്! ഇതിനേക്കാള്‍ മാസായ ഒരു അവതാരം ഇനി ജനിക്കണമെന്ന് ആരായാലും മനസില്‍ പറയും.
എന്തായാലും ലാല്‍ ഫാന്‍സ് ഈ ലുക്ക് അനുകരിച്ച് തുടങ്ങിയിട്ടുണ്ട്. നല്ല കറുകറെ കറുത്ത മുടിയും മീശയും. നരച്ച കുറ്റിത്താടി. കറുത്ത ട്രാന്‍സ്പെരന്‍റ് ഫ്രെയിമില്‍ കൂളിംഗ് ഗ്ലാസ്.
ഉപയോഗിച്ചിരിക്കുന്ന ആക്സസറീസിന്‍റെ കാര്യമാണെങ്കില്‍ പറയേണ്ട. മൂങ്ങയുടെ മുഖമുള്ള ലോക്കറ്റും വാള്‍ പെന്‍റന്‍റുമുള്ള വെള്ളിമാല. കൈയില്‍ വിവിധ നിറത്തിലുള്ള കല്ലുകള്‍ പതിച്ച രണ്ടുവട്ടം ചുറ്റിയ വെള്ളി ചെയിന്‍. വിരലില്‍ പച്ചക്കല്ലുള്ള വെള്ളിമോതിരം.
എന്തായാലും പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ മോഹന്‍ലാലിന്‍റെ കരിയറിലെ ഏറ്റവും വലിയ മാസ് സിനിമയായിരിക്കും എന്നുറപ്പ്.