ബി ഉണ്ണികൃഷ്ണന് ഒരു പ്രശ്നം വന്നാലും ഞാന്‍ കൂടെനില്‍ക്കും, അത്ഭുതദ്വീപില്‍ ഞാനൊരു കളി കളിച്ചാണ് പൃഥ്വിയെ നായകനാക്കിയത്: വിനയന്‍

വ്യാഴം, 23 നവം‌ബര്‍ 2017 (11:54 IST)
തന്നെ ഇല്ലാതാക്കാന്‍ നടക്കുന്ന സംവിധായകന്‍ ബി ഉണ്ണികൃഷ്ണന് ഭാവിയില്‍ ഒരു പ്രശ്നം വന്നാലും താന്‍ കൂടെ നില്‍ക്കുമെന്ന് സംവിധായകന്‍ വിനയന്‍. വ്യക്തിപരമായി തനിക്ക് ആരോടും വിദ്വേഷമില്ലെന്നും വിനയന്‍ പറയുന്നു.
 
മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് വിനയന്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. തന്‍റെ എതിര്‍ഗ്രൂപ്പില്‍ നിന്ന ജോസ് തോമസിന് ഒരു പ്രശ്നം വന്നപ്പോള്‍ താന്‍ കൂടെ നിന്നതായും വ്യക്തിപരമായി വൈരാഗ്യം തീര്‍ക്കാന്‍ തനിക്കാവില്ലെന്നും വിനയന്‍ ഈ അഭിമുഖത്തില്‍ പറയുന്നു. ‘സ്വര്‍ണക്കടുവ’ എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടാണ് ചില പ്രശ്നങ്ങള്‍ ജോസ് തോമസിന് നേരിടേണ്ടി വന്നത്. അന്ന് വിനയന്‍ മാത്രമാണ് സഹായിച്ചതെന്ന് അടുത്തിടെ ജോസ് തോമസ് വെളിപ്പെടുത്തിയിരുന്നു.
 
“എന്നെ നിഷ്കാസനം ചെയ്യണം എന്നു പറഞ്ഞ് നടക്കുന്ന എന്‍റെ സുഹൃത്താണ് ബി ഉണ്ണികൃഷ്ണന്‍. ഞാന്‍സെക്രട്ടറിയായിരുന്നപ്പോള്‍ ജോയിന്‍റ് സെക്രട്ടറിയായിരുന്നു ഉണ്ണികൃഷ്ണന്‍. ഞാനുമായി ശത്രുതയിലാണെങ്കിലും അദ്ദേഹം നാളെ ഒരു പ്രശ്നം ഉണ്ടെന്ന് പറഞ്ഞാലും ഞാന്‍ എല്ലാം മറക്കും. വ്യക്തിപരമായി എനിക്ക് യാതൊരു വിദ്വേഷവും ഇല്ല. പറയുന്നത് നമ്മുടെ നിലപാടുകളാണ്. നിലപാടുകളുടെ കാര്യത്തില്‍ യാതൊരു മാറ്റവും ഇല്ല” - മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ വിനയന്‍ വ്യക്തമാക്കുന്നു.
 
പൃഥ്വിരാജ് നായകനാകുന്നു എങ്കില്‍ അത്ഭുതദ്വീപില്‍ അഭിനയിക്കാനാവില്ലെന്ന് ജഗതി ശ്രീകുമാര്‍ ഉള്‍പ്പടെയുള്ളവര്‍ പറഞ്ഞെന്നും ഒടുവില്‍ ഗിന്നസ് പക്രുവാണെന്ന് നായകനെന്ന് അറിയിച്ച് എല്ലാവരെയും കരാറില്‍ ഒപ്പിടുവിച്ച ശേഷം പൃഥ്വിയെ നായകനാക്കുകയായിരുന്നു എന്നും വിനയന്‍ ഈ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍