ഒരു മോഹന്‍ലാല്‍ ചിത്രം ബോക്സോഫീസില്‍ ഇങ്ങനെ പെര്‍ഫോം ചെയ്താല്‍ മതിയോ? വില്ലന്‍റെ നിറം മങ്ങിയ പ്രകടനത്തിന് കാരണമെന്ത്?

തിങ്കള്‍, 13 നവം‌ബര്‍ 2017 (17:46 IST)
മലയാളത്തില്‍ ഏറ്റവും വലിയ ബിസിനസ് നടക്കുന്നത് മോഹന്‍ലാല്‍ ചിത്രങ്ങളാണ്. മലയാള സിനിമാ വ്യവസായത്തിന്‍റെ നട്ടെല്ലുതന്നെ ലാലേട്ടന്‍ ചിത്രങ്ങളുടെ വിപണി സാധ്യതകളാണ്. എന്നാല്‍ ചിലപ്പോള്‍ അദ്ദേഹത്തിന്‍റെയും അദ്ദേഹത്തിന്‍റെ സിനിമകളുടെ അണിയറപ്രവര്‍ത്തകരുടെയും കണക്കുകൂട്ടലുകള്‍ പിഴയ്ക്കുന്നതിന് നമ്മള്‍ സാക്‍ഷ്യം വഹിക്കാറുണ്ട്.
 
വില്ലന്‍ അത്തരത്തില്‍ പാളിപ്പോയ ഒരു സിനിമയാണ്. ആ സിനിമയെക്കുറിച്ച് ഇന്‍ഡസ്ട്രിക്ക് ഉണ്ടായിരുന്ന പ്രതീക്ഷ, ഏറ്റവും കുറഞ്ഞത് 50 കോടി ക്ലബില്‍ ഇടംപിടിക്കുന്ന ഒരു ചിത്രം എന്നതായിരുന്നു. താരതമ്യേന ചെറിയ ചിത്രമായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ പോലും 50 കോടി ക്ലബില്‍ ഇടം നേടിയത് ഓര്‍ക്കണം.
 
ഇപ്പോള്‍ ലഭിക്കുന്ന വിവരം അനുസരിച്ച് 17 ദിവസം കൊണ്ട് വില്ലന്‍റെ കളക്ഷന്‍ 15.82 കോടി രൂപയാണ്. വില്ലന്‍ നഷ്ടമുണ്ടാക്കില്ലെന്ന് മാത്രമല്ല, ചെറിയ ലാഭം ഉണ്ടാകുകയും ചെയ്യുമെന്ന് ഉറപ്പ്. എന്നാല്‍ മോഹന്‍ലാലിനെപ്പോലെ ഒരു താരത്തിന്‍റെ വില്ലന്‍ പോലെ ഒരു സിനിമ ഇത്തരത്തില്‍ ഒരു പെര്‍ഫോമന്‍സാണോ ബോക്സോഫീസില്‍ നടത്തേണ്ടത്?
 
ബി ഉണ്ണികൃഷ്ണനെപ്പോലെ കച്ചവട സിനിമയുടെ മര്‍മ്മമറിഞ്ഞ ഒരു സംവിധായകന്‍, മോഹന്‍ലാലും മഞ്ജു വാര്യരും, റോക്‍ലൈന്‍ വെങ്കിടേഷിനെപ്പോലെ ഒരു വലിയ നിര്‍മ്മാതാവ്, വിശാലിനെയും ഹന്‍സികയെയും പോലുള്ള താരമൂല്യമുള്ള അന്യഭാഷാ താരങ്ങളുടെ സാന്നിധ്യം, 8കെ റെസല്യൂഷനിലെ ഷൂട്ടിംഗ് ഇതെല്ലാം വില്ലന്‍ എന്ന സിനിമയുടെ വിപണിസാധ്യത ഉയര്‍ത്തിയിരുന്നു. എന്നാല്‍ ചിത്രം പ്രതീക്ഷയ്ക്കൊത്ത് ഉയരാതിരുന്നതോടെ ബിസിനസില്‍ വന്‍ തിരിച്ചടിയാണ് ഉണ്ടായത്.
 
മോഹന്‍ലാലിന്‍റെ ഒരു മാസ് സിനിമ പ്രതീക്ഷിച്ച് വന്നവര്‍ക്ക് അത് ലഭിക്കാതിരുന്നതോടെ വ്യാപകമായി രൂപപ്പെട്ട നെഗറ്റീവ് അഭിപ്രായങ്ങളാണ് വില്ലനേറ്റ വന്‍ തിരിച്ചടിക്ക് കാരണമായി വിലയിരുത്തപ്പെടുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍