ഗണേഷും ഇന്നസെന്റും ഇറങ്ങിപ്പോയി; ഫിലിം ചേംബറിന്‍റെ നിര്‍ദേശം അമ്മ തള്ളി - സൂപ്പര്‍ താരങ്ങള്‍ ചാനല്‍ ഷോകളിലെത്തും
തിങ്കള്‍, 13 നവംബര്‍ 2017 (15:58 IST)
അവാര്‍ഡ് നിശകളില്‍ താരങ്ങള്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് ഫിലിം ചേംബര്‍ വിളിച്ചു ചേര്‍ത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു. മൂന്നു വര്‍ഷത്തേക്ക് ഷോകളിൽ പങ്കെടുക്കരുത് എന്ന ഫിലിം ചേംബറിന്‍റെ നിര്‍ദേശം താരസംഘടനയായ അമ്മ തള്ളിയതോടെയാണ് വിഷയത്തില്‍ തീരുമാനമാകാതെ പോയത്.
മൂന്നു വര്‍ഷത്തേക്ക് ഷോകളിൽ പങ്കെടുക്കരുത് എന്ന ഫിലിം ചേംബറിന്‍റെ നിര്‍ദേശം തള്ളിയ അമ്മ ചാനലുകളുമായി പരസ്പര ധാരണ ആവശ്യമാണെന്ന നിലപാടില്‍ എത്തിച്ചേരുകയായിരുന്നു. ഒടുവില്‍ വിശദമായ ചര്‍ച്ചയ്ക്ക് ശേഷം തീരുമാനമെടുക്കാമെന്ന ധാരണയില്‍ യോഗം പിരിഞ്ഞു.
രാവിലെ പത്ത് മണിക്ക് ആരംഭിച്ച യോഗത്തില്‍ അമ്മയുടെ പ്രതിനിധികളായി ഇന്നസെന്റ്, ഗണേഷ് കുമാര്‍, ഇടവേള ബാബു എന്നിവര്‍ പങ്കെടുത്തു. അവാര്‍ഡ് നിശകളില്‍ താരങ്ങള്‍ പങ്കെടുക്കരുതെന്ന ആവശ്യത്തെ മൂന്നു പേരും എതിര്‍ക്കുകയായിരുന്നു. ഇതോടെ ഫിലിം ചേംബര്‍ പ്രതിനിധികള്‍ എതിര്‍ത്തതോടെ നിലപാടറിയിച്ച ശേഷം ഇന്നസെന്റും ഗണേഷും മടങ്ങിപ്പോകുകയും ചെയ്‌തു.
മുമ്പ് തിയേറ്ററുകളില്‍ എത്തുന്നതിന് മുമ്പ് തന്നെ സിനിമകളുടെ ചാനൽ റൈറ്റ്സും വിറ്റ് പോയിരുന്നു. എന്നാല്‍, മോശം ചിത്രങ്ങള്‍ തുടര്‍ച്ചയായി ഇറങ്ങിയതോടെ തിയേറ്ററുകളില്‍ വിജയമാകുന്ന സിനിമകള്‍ മാത്രമാണ് ചാനലുകള്‍ ഇപ്പോള്‍ വാങ്ങുന്നത്. ഇതാണ് ഫിലിം ചേംബറിനെ ഇങ്ങനെയൊരു നീക്കത്തിന് പ്രേരിപ്പിച്ചത്. ഈ വർഷം നാൽപ്പതിൽ താഴെ ചിത്രങ്ങൾക്ക് മാത്രമാണ് സാറ്റ്ലെറ്റ് റൈറ്റ് തുക ലഭിച്ചത്.