“സുരക്ഷ വലിയൊരു പ്രശ്നം തന്നെയാണ്. ലൈംഗികപീഡനമൊക്കെ പണ്ടുമാത്രം ഉണ്ടായിരുന്നതാണെന്ന് അമ്മ പ്രസിഡന്‍റ് പറയുമ്പോള്‍ അതുകൊണ്ടാണ് സങ്കടം തോന്നുന്നത്. മുറിയ്ക്കുള്ളില്‍ ആനയുണ്ടെന്ന് സ്ഥാപിച്ചെടുക്കേണ്ട സ്ഥിതിയാണ്. എന്നിട്ടല്ലേ അതിനെ പുറത്താക്കാനാകൂ. ഇങ്ങനെയൊരു പ്രശ്നമുണ്ടെന്നെങ്കിലും സമ്മതിക്കണം. എങ്കിലേ അക്കാര്യത്തില്‍ മുന്നോട്ടുപോകാനാവൂ. അവിടെവരെപ്പോലും നമ്മള്‍ എത്തിയിട്ടില്ല. അങ്ങനെയൊരു പ്രശ്നമില്ല എന്ന് വാദിക്കുന്നവരില്‍ സ്ത്രീകള്‍പോലുമുണ്ട്” - റിമ പറയുന്നു.
“ഇത്രയും സ്ത്രീകള്‍ തൊഴിലെടുക്കുന്ന സിനിമാ വ്യവസായത്തില്‍ സുപ്രീംകോടതിയുടെ വിശാഖ കേസിലെ ലൈംഗിക പീഡനം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളോ അതിനുശേഷം തൊഴിലിടങ്ങളിലെ പീഡനം തടയാന്‍വന്ന നിയമമോ ഒന്നും ബാധകമാകുന്നില്ല. ഇങ്ങനെയൊരു രീതിയില്‍ വ്യവസായം മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു. കുറച്ചാളുകള്‍ മാത്രം ഇതിന്റെ മെച്ചം കൊയ്തെടുക്കുന്നു. അവരുടെ നേട്ടങ്ങള്‍ അങ്ങനെതന്നെ നിര്‍ത്തിക്കൊണ്ട് ബാക്കി ഇവിടെ വരുന്ന എല്ലാവര്‍ക്കും നേട്ടം ഉണ്ടാകട്ടെ. എല്ലാവരും സന്തോഷമായി വന്ന് ജോലിയെടുക്കട്ടെ. നേട്ടങ്ങള്‍ കുറച്ചുപേരിലേക്ക് മാത്രം ഒതുങ്ങുന്ന സ്ഥിതി മാറട്ടെ” - ദേശാഭിമാനിക്ക് അനുവദിച്ച അഭിമുഖത്തില്‍ റിമ പറയുന്നു.