ആത്മഹത്യ ചെയ്ത ദിവസം ഉച്ചയ്ക്ക് ഒന്നിച്ചിരുന്ന് മദ്യപിച്ചു, കുപ്പിയെടുത്ത് അപര്‍ണ തന്റെ തലയില്‍ അടിച്ചു; സീരിയല്‍ നടിയുടെ ഭര്‍ത്താവിന്റെ വെളിപ്പെടുത്തല്‍
സീരിയല്‍ നടി അപര്‍ണ നായരുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് സഞ്ജിത്തിന്റെ വെളിപ്പെടുത്തല്‍. ആത്മഹത്യ ചെയ്ത ദിവസം ഉച്ചയ്ക്ക് താനും ഭാര്യയും ഒന്നിച്ചിരുന്ന് മദ്യപിച്ചെന്ന് സഞ്ജിത്ത് പൊലീസിനു മൊഴി നല്‍കി. അതിനുശേഷം വാക്കുതര്‍ക്കമുണ്ടായെന്നും താന്‍ മകളെയുമെടുത്ത് അപര്‍ണയുടെ അടുത്തുനിന്ന് ഇറങ്ങി പോകുകയായിരുന്നെന്നും സഞ്ജിത്ത് പറയുന്നു.
ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നും ഇതിനിടെ കുപ്പിയെടുത്ത് അപര്‍ണ തന്റെ തലയ്ക്കടിച്ചുവെന്നും സഞ്ജിത്ത് പൊലീസിനോട് പറഞ്ഞു. ഉപദ്രവം സഹിക്കാന്‍ പറ്റാത്ത അവസ്ഥയായപ്പോള്‍ മൂന്ന് വയസുകാരിയായ കുഞ്ഞിനെയും എടുത്ത് അപര്‍ണയുടെ അടുത്തുനിന്ന് താന്‍ പോയെന്നും സഞ്ജിത്തിന്റെ മൊഴിയില്‍ പറയുന്നു. അന്ന് വൈകുന്നേരമാണ് അപര്‍ണ ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ ദിവസമാണ് സിനിമ, സീരിയല്‍ താരം അപര്‍ണയെ വീടിനുള്ള മരിച്ച നിലയില്‍ കണ്ടെത്തിയത്. കരമനയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു. അപര്‍ണയും ഭര്‍ത്താവ് സഞ്ജിത്തും തമ്മില്‍ കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്നാണ് സഞ്ജിത്തിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയത്.