'ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ...': ക്ഷോഭിച്ച് ആലിയ ഭട്ട്

നിഹാരിക കെ എസ്
ശനി, 26 ഒക്‌ടോബര്‍ 2024 (10:15 IST)
ബോട്ടോക്‌സിന്റെ പേരിൽ തനിക്കെതിരെ ഉയരുന്ന വ്യാജ പ്രചാരണങ്ങളെ തള്ളി നടി ആലിയ ഭട്ട്. നടിയുടെ ബോട്ടോക്സ് ശസ്ത്രക്രിയ പാളിയെന്നും ഒരു ഭാഗം തളർന്നുപോയെന്നുമായിരുന്നു പ്രചാരണം. ഇത് ആലിയയുടെ ചിരിയെയും സംസാര രീതിയെയും ബാധിച്ചുവെന്നും ചിലർ പ്രചരിപ്പിച്ചു. ഇതിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുകയാണ് ആലിയ. ഒരു തെളിവുമില്ലാതെയാണ് വ്യാജ വാര്‍ത്തകള്‍ കെട്ടച്ചമയ്ക്കുന്നത് എന്നാണ് ആലിയ പറയുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടിയുടെ പ്രതികരണം.
 
ആലിയ ഭട്ടിന്റെ കുറിപ്പ്:
 
കോസ്മെറ്റിക് കറക്ഷനോ സര്‍ജറിയോ തിരഞ്ഞെടുക്കുന്നവരെ ഒരു രീതിയിലും ജഡ്ജ് ചെയ്യുന്നില്ല, നിങ്ങളുടെ ശരീരം നിങ്ങളുടെ ഇഷ്ടം. പക്ഷേ ഇത് വൃത്തികേടിനേക്കാള്‍ അപ്പുറമാണ്. ഞാന്‍ ബോട്ടോക്സ് ചെയ്ത് പാളി എന്ന് പറഞ്ഞു കൊണ്ടുള്ള ഒരു വീഡിയോ കറങ്ങി നടക്കുകയാണ്. എന്റെ ചിരി വിരൂപമാണെന്നും സംസാരം പ്രത്യേക തരത്തിലുമാണ് എന്നാണല്ലോ നിങ്ങള്‍ പറയുന്നത്. ഒരു മനുഷ്യന്റെ മുഖത്തോടുള്ള അതിരൂക്ഷമായ വിമര്‍ശനമാണ് അത്. ഇപ്പോള്‍ നിങ്ങള്‍ വളരെ ആത്മവിശ്വാസത്തോടെ ശാസ്ത്രീയമായി അവകാശപ്പെടുകയാണ് എന്റെ ഒരു ഭാഗം തളര്‍ന്നുവെന്ന്?
 
നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത്? ഒരു തെളിവുമില്ലാതെ ഇത്ര ഗൗരവകരമായ കാര്യം നിങ്ങള്‍ക്ക് എങ്ങനെയാണ് പറയാനാവുന്നത്. എന്താണ് ഏറ്റവും മോശം കാര്യമെന്നു വെച്ചാല്‍, നിങ്ങള്‍ യുവാക്കളെ സ്വാധീനിക്കുകയാണ്. ഈ വൃത്തികേടുകളെല്ലാം അവര്‍ വിശ്വസിച്ചു പോയെക്കാം. നിങ്ങള്‍ എന്തിനാണ് ഇതെല്ലാം പറയുന്നത്. ക്ലിക്ക് ബൈറ്റിന് വേണ്ടിയോ? ശ്രദ്ധ കിട്ടാനോ? ഇതിലൊന്നും ഒരു അര്‍ത്ഥവും കാണുന്നില്ലല്ലോ. സ്ത്രീകളെ വസ്തുവല്‍ക്കരിക്കുകയും ജഡ്ജ് ചെയ്യുകയും ചെയ്യുന്നതിനെ കുറിച്ച് നമുക്ക് സംസാരിക്കാം.
 
നമ്മുടെ മുഖവും ശരീരവും വ്യക്തി ജീവിതവും എല്ലാം വിമര്‍ശിക്കപ്പെടുകയാണ്. മൈക്രോസ്‌കോപ്പിലൂടെ നോക്കി ഇങ്ങനെ വലിച്ചുകീറാതെ ഓരോ വ്യക്തികളെയും ആഘോഷിക്കണം. ഇത്തരം വിമര്‍ശനങ്ങള്‍ ആളുകളെ വളരെ മോശമായി ബാധിക്കും. ഇതില്‍ ഏറ്റവും വിഷമമുള്ള കാര്യം എന്താണെന്നോ? നിരവധി വിമര്‍ശനങ്ങള്‍ വരുന്നത് സ്ത്രീകളില്‍ നിന്നാണ്. ജീവിക്കൂ ജീവിക്കാന്‍ അനുവദിക്കൂ എന്നതിന് എന്താണ് സംഭവിച്ചത്. എല്ലാവര്‍ക്കും അവരുടേതായ ഇഷ്ടങ്ങളില്ലേ? പരസ്പരം വലിച്ചുകീറുന്നതിന്റെ ഭാഗമാവുകയാണോ.
 

അനുബന്ധ വാര്‍ത്തകള്‍

Next Article