'കാഞ്ഞ ബുദ്ധി തന്നെ ചാക്കോച്ചാ നിങ്ങൾക്ക്': മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് 'ട്രിക്ക്' മറുപടിയുമായി കുഞ്ചാക്കോ ബോബൻ

നിഹാരിക കെ എസ്
ബുധന്‍, 16 ഒക്‌ടോബര്‍ 2024 (14:58 IST)
മമ്മൂട്ടിയുടെ ബിഗ് ബി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ബിലാലി'ന്റെ പ്രഖ്യാപനം നടത്തിയ ശേഷം സംവിധായകൻ അമൽ നീരദ് വേറെയും സിനിമകൾ ചെയ്തു. മമ്മൂട്ടിക്കൊപ്പം ചെയ്ത ഭീഷ്മപർവ്വം എന്ന ചിത്രം ഹിറ്റായി. അതിനു മുൻപ് വരത്തൻ ചെയ്തു. ഇപ്പോഴിതാ, ബോഗെയ്ൻവില്ല. പ്രഖ്യാപനം നടത്തി വർഷങ്ങൾ കഴിഞ്ഞിട്ടും ബിലാൽ ഇതുവരെ വന്നിട്ടില്ല. വരുന്ന ലക്ഷണങ്ങളൊന്നും അമൽ നീരദോ സംഘമോ കാണിക്കുന്നുമില്ല. ആരാധകർ ഇപ്പോഴും അക്ഷമരാണ്. അതുകൊണ്ട് തന്നെ, ബിലാലുമായി ബന്ധപ്പെട്ട ആളുകളെ കാണുമ്പോൾ 'ബിലാൽ എന്തായി? അപ്‌ഡേഷൻ എന്താണ്' എന്ന ചോദ്യം മാധ്യമ പ്രവർത്തകരും സോഷ്യൽ മീഡിയയും ഒരുപോലെ ചോദിക്കുന്നുമുണ്ട്. 
 
അത്തരത്തിൽ ബിലാലിനെ കുറിച്ച് ചോദ്യമുയർന്നപ്പോൾ നടൻ കുഞ്ചാക്കോ ബോബൻ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ബോ​ഗെയ്ൻവില്ലയുടെ ചിത്രീകരണത്തിനിടെ ബിലാലിനെക്കുറിച്ച് അമൽ നീരദ് എന്തെങ്കിലും പറഞ്ഞോ എന്നായിരുന്നു കുഞ്ചാക്കോ ബോബൻ നേരിട്ട ഒരു ചോദ്യം. ഒരു സെക്കൻഡ് ഒന്ന് ആലോചിച്ച കുഞ്ചാക്കോ ബോബൻ വളരെ ഗൗരവത്തോടെയാണ് ഇതിന് മറുപടി നൽകിയത്. ബോഗയ്ൻവില്ലയുടെ എൻഡ് ക്രെഡിറ്റിൽ അത് നമുക്ക് കാണാൻ സാധിക്കും, അതിനായി കാത്തിരിക്കാം എന്നായിരുന്നു മറുപടി. 
 
വേദിയിൽ ഇരുന്ന വീണ, ജ്യോതിർമയി, ശ്രിന്ദ എന്നിവർ ചിരിച്ചില്ലായിരുന്നുവെങ്കിൽ കുഞ്ചാക്കോ ബോബൻ പറയുന്നത് സത്യമാണെന്ന് ആരാധകർ കരുതിയേക്കാം. 'എല്ലാരും പോയി  #Bougainvillea ticket എടുത്തോ എൻഡിക്രെഡിറ്സിൽ #Bilal അപ്ഡേറ്റ് ഉണ്ട്' എന്ന ട്രോളും ഇതിനോടകം വന്നു. 'ചാക്കോച്ചന്റെ ബുദ്ധി കൊള്ളാം, കാഞ്ഞ ബുദ്ധി തന്നെ. ബോഗെയ്ൻവില്ലയ്ക്ക് ടിക്കറ്റെടുക്കാൻ മമ്മൂട്ടി ആരാധകരെ കയ്യിലെടുക്കുന്ന ട്രിക്ക്' എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
 
ബിലാലിൽ അഭിനയിക്കുന്നുണ്ടോയെന്നും നടനോട് പ്രസ്മീറ്റിൽ ചോദ്യമുയർന്നു. എല്ലാവരെയും പോലെ താനും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിലാൽ എന്നും ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും തനിക്ക് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിലാലിൽ താനുണ്ടെങ്കിൽ വളരെ ഹാപ്പിയായിരിക്കും. അത്തരം ചിന്തകളും പ്രതീക്ഷകളും ഉണ്ടാകട്ടെ എന്നും ആഗ്രഹിക്കുകയാണെന്നും കുഞ്ചാക്കോ ബോബൻ കൂട്ടിച്ചേർത്തു.  
 

അനുബന്ധ വാര്‍ത്തകള്‍

Next Article