ബണ്ടി ചോര്‍ കേരളത്തിലെത്തിയത് സംവിധായകനെ കൊല്ലാന്‍?

Webdunia
തിങ്കള്‍, 28 ജനുവരി 2013 (14:29 IST)
PTI
താന്‍ കേരളത്തിലെത്തിയത് സിനിമാ സംവിധായകനെ കൊലപ്പെടുത്താനാണെന്ന് ബണ്ടി ചോര്‍ എന്ന ദേവിന്ദര്‍ സിംഗ് പൊലീസിന് മൊഴി നല്‍കി. ബോളിവുഡ് സംവിധായകനായ ദിബാകര്‍ ബാനര്‍ജിയെ കൊലപ്പെടുത്താനാണ് താന്‍ കേരളത്തിലെത്തിയതെന്നാണ് ബണ്ടി പൊലീസിനെ അറിയിച്ചത്.

ബണ്ടി ചോറിന്‍റെ ജീവിതത്തെ ആസ്പദമാക്കി ദിബാകര്‍ ബാനര്‍ജി ‘ഓയേ ലക്കി! ലക്കി ഓയേ’ എന്നൊരു ഹിന്ദിച്ചിത്രം സംവിധാനം ചെയ്തിരുന്നു. ഈ സിനിമയ്ക്ക് മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു.

“എന്നെ വെറും പീറക്കള്ളനായാണ് ആ സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്. അതിന്‍റെ സംവിധായകനോട് പ്രതികാരം ചെയ്യാനാണ് ഇപ്പോള്‍ ഇറങ്ങിത്തിരിച്ചത്” - പുനെയില്‍ വച്ച് പൊലീസ് വണ്ടിയില്‍ കയറാന്‍ പോകുന്ന വഴി ബണ്ടി ചോര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇക്കാര്യം തന്നെ പൊലീസിനെയും ബണ്ടി ചോര്‍ അറിയിച്ചു. എന്നാല്‍ ഇത് കാര്യമാക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. കേസിന്‍റെ ഗതി മാറ്റാനും പുകമറ സൃഷ്ടിക്കാനുമായാണ് സംവിധായകനെ കൊല്ലുമെന്നൊക്കെ ബണ്ടി ചോര്‍ പറയുന്നതെന്നാണ് പൊലീസിന്‍റെ നിഗമനം.

ബോളിവുഡ് സംവിധായകനായ ദിബാകര്‍ ബാനര്‍ജിയെ അപായപ്പെടുത്താന്‍ എത്തേണ്ടത് കേരളത്തിലല്ലല്ലോ എന്ന മറുചോദ്യത്തിന് മറുപടി പറയാനാകാതെ വന്ന ബണ്ടി ചോര്‍ പിന്നീട് തന്‍റെ മൊഴി മാറ്റിപ്പറയുകയും ചെയ്തു.