ഫഹദ് ഫാസിലിനുവേണ്ടി ഒരു വര്‍ഷം കളഞ്ഞു, ഇനി ആ കഥ ദിലീപ് ചെയ്യട്ടെ!

Webdunia
ബുധന്‍, 20 ഏപ്രില്‍ 2016 (15:02 IST)
ഫാസിലിന്‍റെ ശിഷ്യന്‍‌മാരാണ് സിദ്ദിക്കും ലാലും. എന്നാല്‍ ഫാസിലിന്‍റെ മകന്‍ ഫഹദ് ഫാസിലുമായി ഈ ശിഷ്യന്‍‌മാര്‍ ഇപ്പോള്‍ അത്ര നല്ല ബന്ധത്തിലല്ലെന്ന് കഴിഞ്ഞ ദിവസം ഇവര്‍ മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ തെളിയുന്നു. 
 
ഫഹദിനെ നായകനാക്കി ഒരു സിനിമ സിദ്ദിക്ക് പ്ലാന്‍ ചെയ്തിരുന്നു. ഒരു വര്‍ഷത്തോളം അതിന്‍റെ തിരക്കഥാ രചനയും പ്രീ പ്രൊഡക്ഷന്‍ ജോലികളുമായി സിദ്ദിക്ക് ചെലവഴിച്ചതാണ്. എന്നാല്‍ പ്രൊജക്ടില്‍ ഫഹദിന് അത്ര താല്‍പ്പര്യമില്ലെന്ന് വന്നതോടെ അത് ഉപേക്ഷിക്കാന്‍ സിദ്ദിക്ക് തയ്യാറായി.
 
ഇപ്പോള്‍ അതേ കഥ ദിലീപിനെ നായകനാക്കി ചെയ്യാനാണ് സിദ്ദിക്ക് ആലോചിക്കുന്നതെന്നാണ് സൂചനകള്‍. ഒരു സമ്പൂര്‍ണ കോമഡി എന്‍റര്‍ടെയ്നറായാണ് സിദ്ദിക്ക് ഈ സിനിമ ഒരുക്കുന്നത്. 
 
അതേസമയം, ഫഹദ് ഫാസിലുമായുള്ള ഇപ്പോഴത്തെ ബന്ധത്തെക്കുറിച്ച് അത്ര വ്യക്തമായി പ്രതികരിക്കാന്‍ ലാലും തയ്യാറായില്ല. ലാല്‍ ഇനി തല്‍ക്കാലം സംവിധാനത്തില്‍ നിന്ന് മാറി അഭിനയത്തില്‍ ശ്രദ്ധകൊടുക്കാനാണ് ആലോചിക്കുന്നത്.