ലൂസിഫര്‍ എന്ന സിനിമയാണ് ഇപ്പോള്‍ എങ്ങും ചര്‍ച്ചാവിഷയം. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമ. മുരളി ഗോപി തിരക്കഥയെഴുതുന്ന ഈ ബിഗ് ബജറ്റ് സിനിമ നിര്‍മ്മിക്കുന്നത് ആശീര്‍വാദ് സിനിമാസാണ്.
സംവിധാനത്തിലുള്ള പൃഥ്വിരാജിന്‍റെ കമ്പം പണ്ടേ എല്ലാവര്‍ക്കും അറിവുള്ളതാണ്. സിനിമകള്‍ സംവിധാനം ചെയ്യുന്നതില്‍ വലിയ ത്രില്ല് കണ്ടെത്തുന്ന പൃഥ്വിയുടെ ആദ്യസിനിമ തന്നെ ഇത്രയും വലിയ പ്രൊജക്ടായത് ആരാധകരെയും ആവേശത്തിലാക്കിയിട്ടുണ്ട്.
സംവിധാനത്തില്‍ കൂടുതല്‍ ആവേശം കണ്ടെത്തിക്കഴിഞ്ഞാല്‍ പൃഥ്വിരാജ് അഭിനയജീവിതം അവസാനിപ്പിച്ച് പൂര്‍ണസമയവും സംവിധായകനായി മാറുമോ എന്ന ആശങ്കയും ആരാധകര്‍ക്കുണ്ട്. എന്നാല്‍ അഭിനയജീവിതം വേണ്ടെന്നുവയ്ക്കാനുള്ള ഒരു ആലോചനയും പൃഥ്വി എടുത്തിട്ടില്ല. മാത്രമല്ല, കൂടുതല്‍ രസകരമായ തിരക്കഥകള്‍ക്കുവേണ്ടിയുള്ള ശ്രമം എല്ലാദിവസവും നടത്തുന്നുമുണ്ട്.
2019 വരെ ഒരു നടന്‍ എന്ന നിലയില്‍ പൃഥ്വിരാജ് ഡേറ്റ് നല്‍കിക്കഴിഞ്ഞതായാണ് വിവരം. അതിനിടയിലാണ് ലൂസിഫര്‍ സംവിധാനം ചെയ്യാനുള്ള സമയം കണ്ടെത്തിയിരിക്കുന്നത്. 2017 മാര്‍ച്ചില്‍ ആരംഭിച്ച് ഓണത്തിന് റിലീസ് ചെയ്യാനാണ് പരിപാടി എന്നറിയുന്നു.