ജയരാജിന്‍റെ ഭാര്യ സബിതാ ജയരാജിനെ ജയസൂര്യ പ്രണയിക്കുന്നു. ജയരാജ് സംവിധാനം ചെയ്യുന്ന ‘ദ ട്രെയിന്‍’ എന്ന ചിത്രത്തിലാണ് ജയസൂര്യയും സബിതയും പ്രണയജോഡിയാകുന്നത്. സബിത അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ദ ട്രെയിന്‍. ആദ്യ ചിത്രം ജയരാജ് തന്നെ സംവിധാനം ചെയ്ത ‘പകര്‍ന്നാട്ടം’ ആയിരുന്നു. ആ ചിത്രത്തില്‍ ജയറാമിന്‍റെ നായികയായാണ് സബിത അഭിനയിച്ചത്.
എ ആര്‍ റഹ്‌മാന്‍റെ മ്യൂസിക് ട്രൂപ്പില്‍ പാടാനായി മുംബൈയിലെത്തുന്ന കാര്‍ത്തിക് എന്ന ചെറുപ്പക്കാരനെയാണ് ദ ട്രെയിനില്‍ ജയസൂര്യ അവതരിപ്പിക്കുന്നത്. അവന്‍ പ്രണയിക്കുന്ന സുന്ദരിയായ എയ്ഞ്ചലായി സബിതാ ജയരാജ് വേഷമിടുന്നു.
ഒട്ടേറെ സുന്ദര സ്വപ്നങ്ങളുമായാണ് കാര്‍ത്തിക് മുംബൈയിലെത്തുന്നത്. എന്നാല്‍ മുംബൈയില്‍ അരങ്ങേറിയ സ്ഫോടന പരമ്പര അവന്‍റെ സ്വപ്നങ്ങളെയാകെ തകര്‍ത്തെറിഞ്ഞു. ഒപ്പം എയ്ഞ്ചലിന്‍റെ മോഹങ്ങളും.
ദ ട്രെയിന്‍ ഇവരുടെ പ്രണയനൊമ്പരങ്ങളുടെ കഥ പറയുന്നു. ഒപ്പം ആ സ്ഫോടനത്തിലൂടെ തകര്‍ന്നു പോയ മറ്റു ചില ജീവിതങ്ങളെക്കുറിച്ചും. മമ്മൂട്ടിയാണ് ചിത്രത്തിലെ നായകന്‍. ആന്‍റി ടെററിസ്റ്റ് വിംഗ് ലീഡര്‍ കേദാര്‍നാഥ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
അനുപം ഖേര്‍, ഷീനാ ചൌഹാന്‍, ജഗതി, അഭിമന്യു തുടങ്ങിയവരും അഭിനയിക്കുന്നു. മുംബൈയിലെ ആദ്യ ഷെഡ്യൂളിന് ശേഷം ചിത്രം കൊച്ചിയിലേക്ക് ഷിഫ്റ്റ് ചെയ്തിരിക്കുകയാണ്.
തീവ്രവാദിയെ പിന്തുടര്‍ന്നെത്തുന്ന കേദാര്‍നാഥ്, ഓടുന്ന ഇലക്ട്രിക് ട്രെയിനിലേക്ക് ചാടിക്കയറുന്ന സീന്‍ ഈ സിനിമയുടെ ഹൈലൈറ്റാണ്. 23 ക്യാമറകള്‍ ഉപയോഗിച്ചാണ് ആ രംഗം ചിത്രീകരിച്ചത്. എച്ച് ഡി സ്റ്റില്‍ ക്യാമറകള്‍ ഉപയോഗിച്ചുള്ള ചിത്രീകരണവും ദ ട്രെയിനിന്‍റെ പ്രത്യേകതയാണ്. സിനു മുരുക്കുംപുഴയാണ് ക്യാമറാമാന്‍.