മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റുകളില്‍ മുന്‍നിരയിലാണ് പഞ്ചാബി ഹൌസിന്‍റെ സ്ഥാനം. ദിലീപ് നായകനായ ഈ സിനിമ സംവിധാനം ചെയ്തത് റാഫി മെക്കാര്‍ട്ടിന്‍ ആയിരുന്നു. ഇന്നും മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്ന ഈ സിനിമയില്‍ ദൈര്‍ഘ്യം കാരണം ഉള്‍പ്പെടുത്താനാകാതെ പോയ ചില നല്ല രംഗങ്ങളുമുണ്ട്. അത്തരം ഒരു രംഗത്തേക്കുറിച്ച് ഓര്‍ക്കുന്നത് ഗൃഹലക്ഷ്മിയുടെ പുതിയ ലക്കത്തില്‍ ഹരിശ്രീ അശോകന്‍:
ദിലീപിന്‍റെ കഥാപാത്രമായ ഉണ്ണികൃഷ്ണനെ കാണാതാകുന്നു. അവനെ അന്വേഷിച്ച് കൊച്ചിന്‍ ഹനീഫയും ഹരിശ്രീ അശോകനും നടക്കുന്നു.
“സന്ധ്യാസമയം, ഒരു പെട്ടിക്കട. അവിടെ ബഞ്ചില്‍ ഒരാള്‍ ഇരിപ്പുണ്ട്. ഞാനും ഹനീഫിക്കയും ബെഞ്ചിന്‍റെ രണ്ടറ്റത്തും വന്ന് നിരാശയോടെ കുത്തിയിരിക്കുന്നു. അവനെ ഇനിയെവിടെ പോയി അന്വേഷിക്കാനാണ് എന്ന വിഷമത്തിലാണ് ഞങ്ങള്‍. കുറച്ചുകഴിഞ്ഞ് നോക്കുമ്പോള്‍ ഞങ്ങളുടെ നടുവില്‍ ഇരിക്കുന്നുണ്ട് ദിലീപ്. ഇരുട്ടത്ത് മനസ്സിലാകാഞ്ഞതാണ്. ദേ മുതലാളീ അവന്‍... അപ്പോള്‍ ചായക്കടക്കാരന്‍ ചോദിക്കുന്നു, നിങ്ങളുടെ ആളാണോ?
‘അതേ...’
അയാള്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഓരോ ലഡു തന്നു. ഇതെന്തിനാ? അപ്പോള്‍ കടക്കാരന്‍:“ഈ ലഡുവിന്‍റെ കാശും കൂട്ടി 350 രൂപയിങ്ങ് തന്നേക്ക്. അവന്‍ ഭക്ഷണം കഴിച്ചതിന്‍റേതാണ്”. ഇവന്‍ എവിടെപ്പോയാലും കുഴപ്പമാണല്ലോ എന്നുപറഞ്ഞ് ഹനീഫിക്ക നിവൃത്തിയില്ലാതെ പൈസ കൊടുക്കും.
അപ്പോഴാണ് ദിലീപ് അവിടെ തൂക്കിയിട്ടിരിക്കുന്ന പെടോമാക്സ് തിരിക്കുന്നത്. അതും നശിപ്പിക്ക് എന്നുപറഞ്ഞ് ഹനീഫിക്ക ദിലീപിനെ അടിക്കാനൊരുങ്ങുമ്പോള്‍ പെട്രോമാക്സ് താഴെവീണുപൊട്ടുന്നു. പിന്നെ മൊത്തം ഇരുട്ടാണ്. ഇടിയുടെ ശബ്ദം മാത്രമേ കേള്‍ക്കാനുള്ളൂ. അപ്പോള്‍ ഞാന്‍ പറയും, “മുതലാളീ.. ആളുമാറിപ്പോയി.. മുതലാളി എന്നെയാണ് ഇടിക്കുന്നത്”. അപ്പോള്‍ ഹനീഫിക്ക: “ആളുമാറിയിട്ടില്ലെടാ, നിന്നെത്തന്നെയാണ് ഇടിക്കുന്നത്. നീയല്ലേ ഇവനെ കൊണ്ടുവന്നത്”
ഈ സീന്‍ എടുക്കുമ്പോള്‍ ഞങ്ങളെല്ലാവരും ചിരിച്ചുമറിഞ്ഞതാണ്. ലെങ്ത് കൂടിയതുകൊണ്ട് അത് സിനിമയിലെത്തിയപ്പോള്‍ കട്ടായിപ്പോയി.