ആരധകരുടെ പ്രതീക്ഷകള്‍ കാറ്റില്‍ പറത്തി റഷ്യന്‍ ലോകകപ്പില്‍ തിരിച്ചടി നേരിടുന്ന അര്‍ജന്റീന ടീമിന് ആശ്വാസവാര്‍ത്ത. കഴിഞ്ഞ കളിയില്‍ ലയണല്‍ മെസിയേയും സംഘത്തെയും നാണം കെടുത്തിവിട്ട ക്രൊയേഷ്യന്‍ ക്യാമ്പില്‍ നിന്നാണ് ഈ വാര്‍ത്ത പുറത്തുവന്നത്.
മെസിക്കുവേണ്ടി ഐസ്‌ലന്‍ഡിനെ ഞങ്ങള്‍ പരാജയപ്പെടുത്തുമെന്നാണ് ക്രൊയേഷ്യന്‍ സൂപ്പര്‍ താരം ലൂക്ക മോഡ്രിച്ച് വ്യക്തമാക്കി. ആ മത്സരം എന്ത് വിലകൊടുത്തും ഞങ്ങള്‍ സ്വന്തമാക്കും. അര്‍ജന്റീനയോടും മെസിയോടുമുള്ള സ്‌നേഹമാണ് അതിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.
മെസി മികച്ച താരമാണെന്നതില്‍ ആര്‍ക്കും സംശയമില്ല. പക്ഷേ എന്നും കളി ജയിപ്പിക്കാന്‍ അദ്ദേഹത്തിന് ഒറ്റയ്‌ക്ക് കഴിയില്ല. അര്‍ജന്റീനയ്‌ക്കു വേണ്ടി ഐസ്‌ലന്‍ഡിനെ തോല്‍പ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. മെസിക്കും കൂട്ടര്‍ക്കും ആശംസകള്‍ നേരുന്നുവെന്നും മോഡ്രിച്ച് വ്യക്തമാക്കി.
മോഡ്രിച്ചിന്റെ അഭിപ്രായം തന്നെയാണ് ക്രൊയേഷ്യന്‍ ക്യാമ്പിലെ മറ്റു താരങ്ങള്‍ക്കുമുള്ളത്.
ഗ്രൂപ്പില്‍ മറ്റു ടീമുകളുടെ കനിവ് അനുസരിച്ചാകും അര്‍ജന്റീനയുടെ മുന്നോട്ടുള്ള പോക്ക്. നാലാം സ്ഥാനത്തുള്ള അവര്‍ക്ക് ഒരു പോയിന്റ് മാത്രമാണുള്ളത്. ഇത്രയും പോയിന്റുള്ള ഐസ്‌ലന്‍ഡ് ഗോള്‍ ശരാശരിയില്‍ മൂന്നാം സ്ഥാനത്താണ്.
ഈ സാഹചര്യത്തില്‍ ഐസ്‌ലന്‍ഡ് ക്രൊയേഷ്യയോട് ജയിച്ചാല്‍ അര്‍ജന്റീനയുടെ അവസ്ഥ ദയനീയമാകും. ഐസ്‌ലന്‍ഡ് ജയിച്ചാല്‍ ഇവര്‍ നേടുന്ന ഗോളിനേക്കാള്‍ രണ്ട് ഗോള്‍ വ്യത്യാസത്തിലെങ്കിലും അര്‍ജന്റീന നൈജീരിയയെ പരാജയപ്പെടുത്തേണ്ടി വരും.
ഡി ഗ്ഗ്രൂപ്പില്‍ മൂന്ന് പോയിന്റോടെ നൈജീരിയ രണ്ടാമതും ആറ് പോയന്റുമായി ക്രെയേഷ്യ ഒന്നാമതുമാണ്.