ഇന്നലത്തെ ഐസ് ലന്‍ഡ്- നൈജീരിയ മത്സരത്തില്‍ നൈജീരിയയുടെ വിജയം കൊതിച്ചത് അർജന്റീനൻ ആരാധകരായിരുന്നുവെന്ന് പറഞ്ഞാൽ അത് അതിശയോക്തിയാകില്ല. അര്‍ജന്റീനയുടെ ലോകകപ്പിലെ മുന്നോട്ടുള്ള പോക്കിന് നൈജീരിയയുടെ വിജയം അനിവാര്യമായിരുന്നു.
പ്രീക്വാർട്ടർ പ്രതീക്ഷകളുമായെത്തിയ ഐസ്‌ലൻഡിനെ എതിരില്ലാത്ത രണ്ടു ഗോളിനാണ് നൈജീരിയ പരാജയപ്പെടുത്തിയത്. നൈജീരിയ വിജയിച്ചതോടെ അത് അര്‍ജന്റീനക്കും ആശ്വാസമായി മാറിയിരിക്കുകയാണ്.
അടുത്ത മത്സരത്തില്‍ നൈജീരിയയെ പരാജയപ്പെടുത്തുകയും ഐസ്‌ലന്‍ഡ് ക്രൊയേഷ്യയോട് പരാജയപ്പെടുകയും ചെയ്താല്‍ ലാറ്റിനമേരിക്കാര്‍ക്ക് പ്രീ ക്വാര്‍ട്ടറിലേക്ക് കടക്കാം. ചൊവ്വാഴ്ച നടക്കുന്ന മത്സരം നൈജീരിയ്ക്കും അർജന്റീനയ്ക്കും ജീവൻമരണ പോരാട്ടമാണ്.
എന്നാൽ, അർജന്റീനയുടെ വജ്രായുധമായ ലയണൽ മെസി നിരാശപ്പെടുത്തുന്ന പ്രകടനം തന്നെയാകും തുടരുകയെന്നാണ് നൈജീരിയൻ സ്ട്രൈക്കർ കിലേച്ചി ഇഹിയാനച്ചോ പറയുന്നത്.
‘റഷ്യയിൽ ഇതുവരെ തന്റെ മികച്ച പ്രകടനം പുറത്തെടുക്കാൻ മെസിക്ക് കഴിഞ്ഞിട്ടില്ല. എനിക്ക് വ്യക്തിപരമായി ഏറ്റവും ഇഷ്ടമുള്ള ആണ് മെസി. പക്ഷേ, ഞങ്ങൾക്കെതിരേയും മെസി മിണ്ടാതിരുന്നോളും. ഇത്ര വലിയൊരു ടീമിനൊപ്പം കളിക്കുന്നത് ഞങ്ങൾക്ക് വലിയ ഊർജ്ജം നൽകും. ഐസ്‌ലൻഡിനെതിരായ ജയം ഞങ്ങൾക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.’ - കിലേച്ചി പറയുന്നു.
ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ആഫ്രിക്കൻ കരുത്തരുടെ ജയം. നൈജീരിയയുടെ ഏഴാം നമ്പർ താരം അഹമ്മദ് മൂസയാണ് ടീമിന്റെ രണ്ട് ഗോളുകളും സ്വന്തമാക്കിയത്. അർജന്റീനയെ വിറപ്പിച്ച ഐസ്‍ലൻഡ് പ്രതിരോധം ഛിന്നഭിന്നമാകുന്ന കാഴ്ചയാണ് ഇന്നലത്തെ മത്സരത്തില്‍ കണ്ടത്.