സൂര്യയില്‍ ഇനി നാടകരാവുകള്‍

Webdunia
PROPRO
നൂറ്റിയൊന്ന്‌ ദിവസം നീണ്ടു നില്‍ക്കുന്ന സൂര്യമേളയില്‍ ഇനി നാടകരാവുകള്‍. സുപ്രസിദ്ധ കര്‍ണ്ണാടക സംഗീതഞ്‌ജ ബോംബെ ജയശ്രീയുടെ സംഗീത നിശയോടെയാണ്‌ സൂര്യയുടെ നൃത്ത സംഗീത മേള സമാപിച്ചത്‌.

ആസ്വാദക വൃന്ദത്തെ ഹരം കൊള്ളിക്കുന്നതായിരുന്നു ബോംബെ ജയശ്രീയുടെ ആലാപനം. ദേവഗാന്ധാരരാഗ കീര്‍ത്തനത്തോടെയായിരുന്നു ആരംഭം. പന്തുവരാളി രാഗത്തിലെ ശംഭോ മഹാദേവയും നളിന കാന്തി രാഗത്തിലെ നീ പാദമേ ഗതിയും ഏറെ ആസ്വദ്യകരമായി.

വയലിനില്‍ എംബര്‍ കണ്ണനും മൃദംഗത്തില്‍ പൂങ്കുളം സുബ്രഹ്മണ്യനും ഘടത്തില്‍ ഡോ. എസ്‌ കാര്‍ത്തികും പിന്തുണ നല്‌കി.

എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന നാടകമേള കോ ബാങ്ക്‌ ടവറിലാണ്‌ അരങ്ങേറുന്നത്‌. കേരളത്തിലേയും പുറത്തേയും പ്രസിദ്ധ ട്രൂപ്പുകളാണ്‌ നാടകവുമായി എത്തുന്നത്‌. നാടകങ്ങള്‍ക്ക് മുന്നോടിയായി എല്ലാ ദിവസവും പ്രമുഖരുടെ പ്രഭാഷണവും സംഘടിപ്പിച്ചിട്ടുണ്ട്‌.

കെ ടി മുഹമ്മദിന്‍റെ ഇത്‌ ഭൂമിയാണ്‌, കാവാലത്തിന്‍റെ കര്‍ണ്ണഭാരം, പി ബാലചന്ദ്രന്‍റെ ഒരു മധ്യവേനല്‍ പ്രണയരാവ്‌, സുവീരന്‍റെ ആയുസിന്‍റെ പുസ്‌തകം, ചന്ദ്രദാസന്‍റെ മാധവി, ഷിബു എസ്‌ കൊട്ടാരത്തിന്‍റെ റൈഡൈഴ്‌സ്‌ ടു ദ സീ, പാവം പാവം വിവാഹിതര്‍, തുപ്പന്‍, പൂവങ്കോഴി മുട്ടയിട്ടു, ചെന്നൈയിലെ നാടകസംഘം അവതരിപ്പിക്കുന്ന ബര്‍ത്തഡേ പാര്‍ട്ടി തുടങ്ങിയ നാടകങ്ങളാണ്‌ അവതരിപ്പിക്കപ്പെടുക.

എല്ലാ ദിവസവും നാടകത്തിന്‌ മുന്നോടിയായി ജയപ്രകാശ്‌ കുളൂരിന്‍റെ ലഘുനാടകവും അരങ്ങേറും.