ലോൿസഭ തെരഞ്ഞെടുപ്പ് ചൂടിലാണ് രാജ്യം. കേരളത്തിലും മറിച്ചല്ല അസ്ഥ. തെരഞ്ഞെടുപ്പിന്റെ ആദ്യ പടിയായ പ്രചരണത്തിനു പാർട്ടികൾ തുടക്കമിട്ട് കഴിഞ്ഞു. വമ്പൻ സന്നാഹങ്ങളും നീക്കങ്ങളിമായി അണികൾ നിരത്തിലിറങ്ങി കഴിഞ്ഞു. കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തനങ്ങളും വിജയ പദ്ധതികളും സി പി എമ്മിനു മുതൽക്കൂട്ടാണ്.
എന്നാൽ, വിവാദങ്ങളുടെ കുത്തൊഴുക്ക് തന്നെയായിരുന്നു എൽ ഡി എഫ് സർക്കാരിനു നേരെയുണ്ടായത്. ഇത് ആയുധമാക്കി പ്രവർത്തിക്കാനാണ് കോൺഗ്രസും ബിജെപിയും ലക്ഷ്യമിട്ടിരിക്കുന്നത്. സാധാരണക്കാരായ വോട്ടർമാരെ ലക്ഷ്യമിട്ട് കൊണ്ടായിരുന്നു ബിജെപി ‘മണ്ഡലമേതായാലും മണ്ഡലകാലം മറക്കരുത്’ എന്ന് പ്രചരണം തുടങ്ങിയത്.
ചുരുക്കി പറഞ്ഞാൽ ശബരിമലയുടെ പേരു പറഞ്ഞ് വോട്ടു പിടിക്കാനായിരുന്നു തന്ത്രം. എന്നാൽ, കോൺഗ്രസിന്റേയും ബിജെപിയുടെയും ഈ തീരുമാനത്തിന് മേലുള്ള കൊട്ടിയടക്കലായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ തീരുമാനം. ശബരിമല തെരഞ്ഞെടുപ്പ് വിഷയമാക്കുന്നത് ചട്ടലംഘനമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ. സുപ്രീംകോടതി വിധിക്കെതിരെ സംസാരിക്കാൻ പാടില്ല. ദൈവത്തിന്റെയും മതത്തിന്റെയും പേരിലും വോട്ടു പിടിക്കുന്നത് ചട്ടലംഘനമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ അറിയിച്ചു.
ഏതായാലും ശബരിമലയെ കൂട്ടുപിടിച്ച്, മത - ദൈവങ്ങളെ കൂട്ടുപിടിച്ച് വോട്ട് പിടിക്കാമെന്ന് കരുതിയവർക്കേറ്റ ഇരുട്ടടി തന്നെയാണിത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഷോക്ക് ട്രീറ്റ്മെന്റിൽ ഞെട്ടിയിരിക്കുകയാണ് ബിജെപി.