വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ലോക്സഭാ മണ്ഡലം കേരളത്തിലെ ഏറ്റവും ശക്തവും വീര്യമുള്ളതുമായ പോരാട്ടം നടക്കുന്ന സ്ഥലമാണ്. ശശി തരൂര്‍ എന്ന അതികായന്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ സ്ഥിരമായി ജയിക്കുന്ന മണ്ഡലം. ഇത്തവണ തരൂരിനെ തോല്‍പ്പിച്ച് മണ്ഡലം പിടിക്കണമെന്ന് ഇടതുപക്ഷവും ബി ജെ പിയും ഒരുപോലെ ആഗ്രഹിക്കുന്നു.
തിരുവനന്തപുരത്ത് സി പി ഐ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് സി ദിവാകരനാണ്. തരൂരിനെ തോല്‍പ്പിക്കാന്‍ ഇടതുപക്ഷം ഇറക്കിയിരിക്കുന്ന തുറുപ്പുചീട്ട്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അടുത്ത സുഹൃത്താണ് സി ദിവാകരന്‍. ദിവാകരന് വേണ്ടി മമ്മൂട്ടിയെ മണ്ഡലത്തില്‍ പ്രചരണത്തിനിറക്കാനാണ് ഇടതുമുന്നണി ആഗ്രഹിക്കുന്നത്.
തിരുവനന്തപുരത്ത് ബി ജെ പി സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി വരുമെന്നാണ് അഭ്യൂഹം. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല. മത്സരിക്കാന്‍ സുരേഷ്ഗോപിക്ക് താല്‍പ്പര്യമില്ലെന്നും അദ്ദേഹം ആ സമയം സിനിമകള്‍ക്ക് ഡേറ്റ് നല്‍കിയെന്നുമൊക്കെ വാര്‍ത്തകള്‍ വരുന്നു. എന്നാല്‍ ബി ജെ പി നേതൃത്വം പറഞ്ഞാല്‍ സുരേഷ്ഗോപി മത്സരിക്കാന്‍ തയ്യാറാവുക തന്നെ ചെയ്യും.
അപ്പോള്‍ തിരുവനന്തപുരത്ത് സി ദിവാകരനായി പ്രചരണത്തിനിറങ്ങുന്ന മമ്മൂട്ടിക്ക് സുരേഷ്ഗോപിക്കെതിരായ പ്രചരണമായിരിക്കും നയിക്കേണ്ടിവരിക. സുരേഷ്ഗോപിക്കെതിരെ പ്രചരണത്തിന് മമ്മൂട്ടി തയ്യാറാകുമോ? രാഷ്ട്രീയലോകത്തും സിനിമാലോകത്തും ഇപ്പോള്‍ ഇതാണ് ചൂടുള്ള ചര്‍ച്ചാവിഷയം.