മലയാളത്തിലെ ഒന്നാം നിര നിര്‍മ്മാതാവാണ് സുരേഷ് കുമാര്‍. രേവതി കലാമന്ദിര്‍ എന്ന ബാനറിന് കീഴിലിറങ്ങുന്ന സിനിമകളില്‍ അഭിനയിക്കുക എന്നത് ഏതൊരു താരത്തിനും അഭിമാനകരമായ കാര്യം. മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മൂന്ന് ചിത്രങ്ങളേ സുരേഷ് കുമാര്‍ നിര്‍മ്മിച്ചിട്ടുള്ളൂ. അത് മൂന്നും അത്ര വലിയ വിജയങ്ങള്‍ ആയിരുന്നില്ല. താന്‍ ഇനി മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യില്ലെന്നാണ് സുരേഷിന്‍റെ പക്ഷം.
കൂലി, രാക്കുയിലിന്‍ രാഗസദസ്സില്‍, ചരിത്രം എന്നിവയാണ് സുരേഷ് കുമാര്‍ നിര്‍മ്മിച്ച് മമ്മൂട്ടി അഭിനയിച്ച സിനിമകള്‍. അതില്‍ അവസാന സിനിമയായ ചരിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ മമ്മൂട്ടിയും സുരേഷ് കുമാറും തമ്മില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായി.
"ചരിത്രത്തിന്‍റെ ഷൂട്ടിംഗ് തുടങ്ങിയതോടെ ഞങ്ങള്‍ തമ്മിലുള്ള സൗഹൃദവും മാറിത്തുടങ്ങി. മമ്മൂട്ടി നടനും ഞാന്‍ പ്രൊഡ്യൂസറും. ദിവസവും ഓരോരോ കുഴപ്പങ്ങള്‍. ഓരോന്നും സോള്‍വ് ചെയ്തുകൊണ്ടിരുന്നു. ഒടുവില്‍ ഞാന്‍ തീരുമാനിച്ചു, ഇനി മമ്മൂട്ടിയെ വച്ച് സിനിമ ചെയ്യുന്നില്ല. സിനിമ ചെയ്യുമ്പോഴല്ലേ പ്രശ്നങ്ങളുള്ളൂ. സിനിമ ചെയ്യാത്ത സമയത്ത് ഞങ്ങളുടെ സൗഹൃദവും അടുപ്പവും നിലനില്‍ക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഞാന്‍ വിചാരിച്ചു, സൗഹൃദവും ഞങ്ങളുടെ സ്നേഹബന്ധവും നിലനില്‍ക്കട്ടെ എന്ന്" - നാനയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ സുരേഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു.