അമിത് ഷായുടെ തന്ത്രങ്ങള്‍ ഫലം കണ്ടു; കര്‍ണാടകവും കീഴടക്കി ബിജെപി

കെ രാമശങ്കര്‍
ചൊവ്വ, 15 മെയ് 2018 (11:30 IST)
തെന്നിന്ത്യയില്‍ ബി ജെ പിയുടെ മുന്നേറ്റത്തിന് തുടക്കമായെന്നാണ് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ബി ജെ പി നേതാവ് സദാനന്ദ ഗൌഡ പ്രതികരിച്ചത്. കോണ്‍ഗ്രസോ ബി ജെ പിയോ പോലും സ്വപ്നം കാണാത്ത മുന്നേറ്റമാണ് ബി ജെ പി കര്‍ണാടകയില്‍ നടത്തിയിരിക്കുന്നത്. ഇത് അമിത് ഷാ എന്ന ബി ജെ പി ദേശീയ അധ്യക്ഷന്‍റെ തന്ത്രങ്ങളുടെ വിജയം കൂടിയാണ്.
 
ഇത്തവണ ബി ജെ പിക്ക് ഒരു സാധ്യതയുമില്ലാത്ത തെരഞ്ഞെടുപ്പാണ് കര്‍ണാടകത്തിലേതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വിശ്വസിച്ചിരുന്നത്. എന്നാല്‍ അവര്‍ അമിത് ഷായുടെ കളികള്‍ കാണാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ചിട്ടയായ പ്രവര്‍ത്തനത്തിനൊപ്പം കര്‍ണാടക രാഷ്ട്രീയത്തെ വ്യക്തമായി പഠിച്ചുനടത്തിയ പ്രചരണവും തന്ത്രങ്ങളുമാണ് ബി ജെ പിയെ ഇപ്പോള്‍ അധികാരത്തിലേക്ക് എത്തിക്കുന്നത്.
 
ലിംഗായത്ത് സമുദായത്തെ കൂടെ നിര്‍ത്തുന്നതില്‍ ബി ജെ പിക്കും അമിത് ഷായ്ക്കും വിജയിക്കാനായതാണ് കര്‍ണാടകയില്‍ നിര്‍ണായകമായത്. ലിംഗായത്ത് ചിന്തകനും കവിയുമായ ബാസവേശ്വരയുടെ ജന്‍‌മവാര്‍ഷിക ദിനത്തോട് അനുബന്ധിച്ചാണ് അമിത് ഷാ കര്‍ണാടകയില്‍ പ്രചരണം ആരംഭിച്ചത്. അത് ആ സമുദായത്തില്‍ അനുകൂല തരംഗങ്ങള്‍ സൃഷ്ടിച്ചു. 
 
1990കള്‍ മുതല്‍ ബി ജെ പിയെ പിന്തുണച്ചിരുന്ന ലിംഗായത്ത് വിഭാഗക്കാര്‍ പിന്നീട് സിദ്ധരാമയ്യയുടെ നയപരമായ സമീപനത്താല്‍ കോണ്‍ഗ്രസ് അനുഭാവം പ്രകടിപ്പിച്ചിരുന്നു. ന്യൂനപക്ഷമത പദവി ലിംഗായത്തിന് അനുവദിച്ച് കോണ്‍ഗ്രസ് അവരുടെ വിശ്വാസ്യത നേടിയെങ്കില്‍ അതിനെ വെല്ലുന്ന തന്ത്രങ്ങളിലൂടെയാണ് ഇത്തവണ അമിത് ഷാ അവരെ കൂടെ നിര്‍ത്തിയത്. ലിംഗായത്ത് നേതാക്കളെയെല്ലാം പ്രത്യേകം പ്രത്യേകം കാണാന്‍ അമിത് ഷാ ശ്രദ്ധിച്ചു.
 
ദളിത് നേതാക്കളുമായും ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തുന്നതില്‍ അമിത് ഷാ വിജയിച്ചു. മതനേതാക്കള്‍ക്കൊപ്പം പൌര പ്രമുഖരെയും വ്യവസായികളെയും അമിത് ഷാ സന്ദര്‍ശിച്ചിരുന്നു.
 
മാത്രമല്ല കോണ്‍ഗ്രസിനെയും സിദ്ധരാമയ്യയെയും വാക്കുകള്‍ കൊണ്ട് അതിരുകടന്ന് ആക്രമിക്കുന്ന ശൈലിയാണ് കര്‍ണാടകയില്‍ അമിത് ഷാ സ്വീകരിച്ചത്. 40 ലക്ഷം രൂപ വിലവരുന്ന വാച്ച് ധരിക്കുന്ന സോഷ്യലിസ്റ്റാണ് സിദ്ധരാമയ്യയെന്നാണ് അമിത് ഷാ ആരോപിച്ചത്. ഭിന്നിപ്പിഛ്ക് ഭരിക്കുക എന്ന തന്ത്രമാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് പയറ്റുന്നതെന്നും അമിത് ഷാ ആരോപിച്ചു. ഇത്തരം ആരോപണങ്ങള്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുകയും ജനങ്ങള്‍ക്കിടയില്‍ ബി ജെ പിക്ക് അനുകൂലമായ ഒരു സ്ഥിതി സൃഷ്ടിക്കുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article