സൂര്യനെല്ലി പെൺകുട്ടി, നിർഭയ, സൗമ്യ, ജിഷ... കേരളം മറക്കില്ല ഈ പേരുകൾ. ഇപ്പോഴിതാ ഇവരുടെ പട്ടികയിലേക്ക് മറ്റൊരാൾ കൂടി - മിഷേൽ ഷാജി വർഗീസ്. മിഷേലിന്റെ മരണം ദുരൂഹതകൾ നിറഞ്ഞതാണ്. ആത്മഹത്യ ചെയ്യേണ്ട ഒരു കാര്യവും ഇല്ലാത്ത പെൺകുട്ടി. എന്നിട്ടും അവൾ മരണപ്പെട്ടു. ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും കാണിച്ച് മിഷേലിന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി.
സൗമ്യയ്ക്കും ജിഷയ്ക്കും നീതി ലഭിയ്ക്കാൻ സോഷ്യൽ മീഡിയകൾ ക്യാമ്പെയ്നുകൾ സംഘടിപ്പിച്ചിരുന്നു. ദുരൂഹത നിറഞ്ഞ മരണമായതിനാൽ ഇവളും നീതി അർഹിക്കുന്നു. മിഷേലിന്റെ നീതിയ്ക്ക് വേണ്ടി നമുക്ക് ശബ്ദമുയർത്താം. മിഷേലിന്റെ ചിത്രം പ്രൊഫൈൽ ചിത്രമാക്കിയും ഹാഷ് ടാഗിലൂടെയുമാണ് മിഷേലിന് വേണ്ടി ശബ്ദമുയരുന്നത്.
നടന്മാരായ നിവിൻ പോളിയും ജൂഡ് ആന്റണിയും കുഞ്ചാക്കോ ബോബനും ടൊവിനോ തോമസും ഉണ്ണി മുകുന്ദനും മിഷേലിന്റെ നീതി ആവശ്യപ്പെട്ട് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. മാർച്ച് അഞ്ചിന് ഹോസ്റ്റലിൽ നിന്നും കലൂർ പള്ളിയിലേക്ക് പുറപ്പെട്ട മിഷേലിനെ കാണാതാവുകയും മൃതദേഹം മാർച്ച് ആറിന് കൊച്ചി വാർഫിലാണ് കണ്ടെത്തിയത്.