ലോക്‌സഭാ തെരഞ്ഞെടുപ്പിന് മൊത്തം പണം മുടക്കിയത് ഇങ്ങനെ!

Webdunia
വ്യാഴം, 6 ജൂണ്‍ 2019 (13:39 IST)
തെരഞ്ഞെടുപ്പ് കാലത്ത് ഒഴുകുന്ന പണത്തിന് കയ്യും കണക്കുമില്ല. കോടികണക്കിന് രൂപയാണ് പല രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് കാലത്ത് മുടക്കുന്നത്. 60,000 കോടി രൂപയോളമാണ് ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനായി ചെലവാക്കിയത്. 2014 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ചെലവാക്കിയതിന്റെ  ഇരട്ടിയിലധികം രൂപയാണ് ഇത്തവണ മുടക്കിയത്.
 
ഡല്‍ഹി ആസ്ഥാനമാക്കിയ സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസാണ് തിരഞ്ഞെടുപ്പ് ചെലവുകളുടെ കണക്ക് പുറത്തു വിട്ടത്. റിപ്പോര്‍ട്ട് പ്രകാരം ഓരോ വോട്ടറിനും 700 രൂപ വീതം അഥവാ ഓരോ ലോക്സഭ മണ്ഡലത്തിലും ഏകദേശം നൂറു കോടിയോളം രൂപയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ മുടക്കിയിരിക്കുന്നത്. 
 
തെരഞ്ഞെടുപ്പിനായി ഏറ്റവുമധികം പണം ചിലവഴിച്ചത് ബിജെപിയാണ്. ആകെ തിരഞ്ഞെടുപ്പ് ചെലവിന്റെ 45 ശതമാനത്തോളം രൂപ ബിജെപിയാണ് മുടക്കിയിരിക്കുന്നത്. 1998 ല്‍ വെറും 20 ശതമാനമാണ് ബിജെപി ചെലവഴിച്ചത്. എന്നാല്‍ 2009 ല്‍ 40 ശതമാനത്തോളം രൂപ മുടക്കിയ കോണ്‍ഗ്രസ് 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ 15-20 ശതമാനം മാത്രമാണ് ചെലവഴിച്ചത്.
 
കഴിഞ്ഞ 20 വര്‍ഷങ്ങളില്‍ തിരഞ്ഞെടുപ്പ് ചെലവ് ആറ് മടങ്ങാണ് വര്‍ധിച്ചിരിക്കുന്നത്. 1998 ല്‍ 9000 കോടി രൂപയായിരുന്നു തെരഞ്ഞെടുപ്പിനായി മുടക്കിയിരുന്നത്. ഭരണത്തിലിരിക്കുന്ന പാര്‍ട്ടികള്‍ മറ്റുള്ളവരെക്കാള്‍ അധികം തുക ലോക്സഭ തിരഞ്ഞെടുപ്പിന് ചെലവഴിക്കുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 
 
ഏഴ് ഘട്ടങ്ങളിലായി 75 ദിവസങ്ങള്‍ നീണ്ടതായിരുന്നു 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പ്. പ്രചരണത്തിനിടയില്‍ പിടിച്ചെടുത്ത സ്വര്‍ണം, വെള്ളി, രൂപ, മദ്യം എന്നിവയുടെയൊക്കെ മൂല്യം 2014 ല്‍ പിടിച്ചെടുത്ത വസ്തുക്കളുടെ രണ്ടിരട്ടിലധികമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 
 
റിപ്പോര്‍ട്ട് പ്രകാരം ഏറ്റവുമധികം തുക ചെലവഴിക്കപ്പട്ടിരിക്കുന്നത് പ്രചാരണത്തിന് വേണ്ടിയാണ്. ഏകദേശം 20,000- 25,000 കോടി രൂപയാണ് ഇതിനായി മുടക്കിയിരിക്കുന്നത്. 12,000-15,000 കോടി രൂപയോളം വോട്ടര്‍മാര്‍ക്ക് നേരിട്ട് നല്‍കുന്നുണ്ട്. 10,000-12,000 കോടി രൂപയാണ് തിരഞ്ഞെടുപ്പ് നടത്തിപ്പിൻ്റെ ഔദ്യോഗിക ചെലവ്. രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് കമ്മിഷനും മൊത്തം തുക ചെലവാക്കിയതെങ്ങനെയെന്ന് കാണാം.

അനുബന്ധ വാര്‍ത്തകള്‍

Next Article