‘യുവരാജിന് പകരം അവന്‍ ഉണ്ടല്ലോ ഇന്ത്യക്ക്’; 2011 ആവര്‍ത്തിക്കുമോ ? - പ്രവചനവുമായി മഗ്രാത്ത്

ചൊവ്വ, 4 ജൂണ്‍ 2019 (16:21 IST)
മഹേന്ദ്ര സിംഗ് ധോണിയെന്ന മുന്‍ ക്യാപ്‌റ്റന്‍ ടീം ഇന്ത്യയുടെ ശക്തിയാണ്. നേട്ടങ്ങള്‍ മാത്രം ടീമിന് സമ്മാനിച്ച താരം. ആരും കൊതിക്കുന്ന ഈ ടീമിനെ വാര്‍ത്തെടുത്തതും പിന്നെ വിരാട് കോഹ്‌ലിക്ക് കൈമാറിയതും ധോണിയാണ്.

രണ്ട് ലോകകപ്പുകളും ഒരു ഐ സി സി ചാമ്പ്യന്‍‌സ് ട്രോഫിയും ഇന്ത്യക്ക് നേടിക്കൊടുത്ത ധോണി ആരാധകരുടെ പ്രിയതാരമാണെന്നതില്‍ ആര്‍ക്കും സംശയമില്ല. രണ്ട് ലോകകപ്പ് വിജയങ്ങളിലും ധോണിപ്പടയുടെ വിജയങ്ങളുടെ കാതലായത് യുവരാജ് സിംഗ് എന്ന ഓള്‍റൗണ്ടറാണ്.

2007ല്‍ നടന്ന പ്രഥമ ട്വന്റി-20 ലോകകപ്പിലെയും 2011ലെ ഏകദിന ലോകകപ്പിലെയും യുവിയുടെ പ്രകടനം ആരും മറക്കില്ല. 90.50 ശരാശരിയില്‍ 362 റണ്‍സും 15 വിക്കറ്റുകളുമാണ് ഇന്ത്യ ആതിഥ്യം ഏകദിന ലോകകപ്പില്‍ യുവരാജ് സ്വന്തമാക്കിയത്. യുവിയുടെ ഈ ഓള്‍റൗണ്ട് മികവാണ് ഇന്ത്യയെ കിരീട വിജയത്തിലെത്തിച്ചത്.

2019 ലോകകട്ട് ടീമില്‍ യുവരാജ് ഇല്ലെങ്കിലും ആ സ്ഥാനം നികത്താന്‍ മറ്റൊരാള്‍ കോഹ്‌ലിക്കൊപ്പം ഉണ്ടെന്നാണ്
ഓസ്ട്രേലിയന്‍ ഇതിഹാസ താരം ഗ്രെന്‍ മഗ്രാത്ത് വെളിപ്പെടുത്തിയിരിക്കുന്നത്. കളിയുടെ ഗതി അതിവേഗം വഴിതിരിച്ചു വിടുന്ന ഹാര്‍ദിക് പാണ്ഡ്യയാകും ഈ ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പ് ചീട്ടെന്നാണ് അദ്ദേഹം പ്രവചിച്ചിരിക്കുന്നത്.

യുവരാജ് ചെയ്‌ത അതേ ജോലി ഇംഗ്ലീഷ് മണ്ണില്‍ കാഴ്‌ചവയ്‌ക്കാന്‍ ഹാര്‍ദിക്കിനാകും. അങ്ങനെ സംഭവിച്ചാല്‍ മത്സരം മാറിമറിയും. അതിനുള്ള കരുത്ത് ഇന്ത്യന്‍ താരത്തിനുണ്ട്. യുവരാജ് ചെയ്‌ത റോള്‍ ഹാര്‍ദ്ദിക് ഏറ്റെടുക്കണമെന്നും പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ ഓസീസ് താരം പറഞ്ഞു.

ലോകകപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ കാണാനായി കാത്തിരിക്കുകയാണ്. ടീമിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്ന മറ്റൊരു താരം ധോണിയാണ്. ഇന്ത്യക്കൊപ്പം ഓസ്ട്രേലിയും ഇംഗ്ലണ്ടും സാധ്യത പട്ടികയില്‍ ഉണ്ടെങ്കിലും വെസ്‌റ്റ് ഇന്‍ഡീസ് കറുത്ത കുതിരകള്‍ ആകുമെന്നും മഗ്രാത്ത് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍