ക്രിക്കറ്റിലെ ചതിയന്മാരെന്ന് കാണികൾ, കൂവി വിളിച്ചവർക്ക് ഓട്ടോഗ്രാഫ് നല്‍കി വാർണർ; മടങ്ങിവരവിൽ ശോഭിക്കാൻ കഴിയാതെ സ്മിത്ത്

ഞായര്‍, 2 ജൂണ്‍ 2019 (14:40 IST)
പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഓസ്‌ട്രേലിയയുടെ ദേശീയ ടീമില്‍നിന്നും ഒരു വര്‍ഷത്തെ വിലക്കുലഭിച്ച ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും തിരിച്ചുവരവിൽ ഒദ്യോഗികമായി ടീമിനുവേണ്ടി കളിച്ച ആദ്യ മത്സരമായിരുന്നു ഇംഗ്ലണ്ട് ലോകകപ്പിലെ ആദ്യ കളി. 
 
മത്സരത്തില്‍ വാര്‍ണറുടെ മികവില്‍ ടീം അഫ്ഗാനിസ്ഥാനെതിരെ 7 വിക്കറ്റിന്റെ ഗംഭീരമായ ജയം ആഘോഷിക്കുകയും ചെയ്തു. തിരിച്ചുവരവിൽ ശക്തി തെളിയിക്കാൻ വാർണർക്ക് കഴിഞ്ഞെങ്കിലും സ്മിത്തിനായില്ല. 
 
അതേസമയം, ലോകകപ്പ് കളി തുടങ്ങുന്നതിനു മുന്നേ തന്നെ കാണികൾ ഇരുവർക്കും വാണിങ് നൽകിയിരുന്നു എന്നതും എടുത്ത് പറയേണ്ടതാണ്. അവരെ ചതിയന്മാരെന്ന് വിളിച്ചും കൂവിയുമാണ് കാണികള്‍ വരവേറ്റതും. സ്മിത്തിനും വാർണർക്കും കാണികളുടെ കൂവൽ ഏറ്റുവാങ്ങേണ്ടി വന്നു.
 
എന്നാൽ, ഗാലറിയിൽ നിന്നേറ്റുവാങ്ങേണ്ടി വന്ന കൂവൽ ഒരു രീതിയിലും കളിയിൽ ബാധിച്ചില്ലെന്ന് വാർണർ തെളിയിച്ചു. കൂവിയ കാണികളോട് യാതൊരു വിരോധവും വാര്‍ണര്‍ കാണിച്ചതുമില്ല. അഫ്ഗാനിസ്ഥാന്റെ ബാറ്റിങ്ങിനിടെ ലോങ് ഓണില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന വാര്‍ണര്‍ കുട്ടികള്‍ ഓട്ടോഗ്രാഫിന് ചോദിച്ചയുടന്‍ അത് നല്‍കാനും മടികാണിച്ചില്ല.  
 
മത്സരത്തില്‍ 89 റണ്‍സെടുത്ത് പുറത്താകാതെ നിന്ന വാര്‍ണര്‍ തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്. അഫ്ഗാനിസ്ഥാന്‍ 38.2 ഓവറില്‍ 207 റണ്‍സെടുത്തപ്പോള്‍ ഓസ്‌ട്രേലിയ 34.5 ഓവറില്‍ ലക്ഷ്യത്തിലെത്തി. അതേസമയം, 18 റണ്‍സെടുത്ത് പുറത്തായ സ്റ്റീവ് സ്മിത്തിന് മടങ്ങിവരവില്‍ ശോഭിക്കാനായില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍