സിംഗിള്‍ പ്രതീക്ഷിച്ചപ്പോള്‍ സിക്‍സ്; കോഹ്‌ലി അലറിവിളിച്ചു, ശാസ്‌ത്രിയുടെ മനം നിറഞ്ഞു - ഈ ഇന്നിംഗ്‌സിന് ഒരു പ്രത്യേകതയുണ്ട്
ബുധന്‍, 29 മെയ് 2019 (15:17 IST)
മഹേന്ദ്ര സിംഗ് ധോണിയുടെ ഈ സെഞ്ചുറി അഭിനന്ദനം അര്‍ഹിക്കുന്നുണ്ടോ?. ചര്‍ച്ച ചെയ്യേണ്ട ഇന്നിംഗ്‌സാണോ ഇത്?. കഴിഞ്ഞത് ഒരു സന്നാഹ മത്സരം മാത്രമല്ലെ ?. എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് എന്താണ് പ്രസക്‍തിയെന്ന് പറയാം.
ബംഗ്ലാദേശ് ബോളര്‍ അബു ജയേദിന്റെ ഓഫ്‌സൈഡ് ബോള്‍ ബൌണ്ടറിക്ക് മുകളിലൂടെ പറത്തി ധോണി സെഞ്ചുറി ആഘോഷിച്ചപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ മുഴവന്‍ കൈയടിച്ചു. സിംഗിള്‍ പ്രതീക്ഷിച്ച ആരാധകരെ പോലും ഞെട്ടിച്ചായിരുന്നു ആ പടുകൂറ്റന്‍ സിക്‍സ്. ധോണിയുടെ സെഞ്ചുറി കാണാന്‍ ഡ്രസിംഗ് റൂമും തയ്യാറായി കഴിഞ്ഞിരുന്നു.
ധോണിയുടെ ഈ ഇന്നിംഗ്‌സിന്റെ പ്രത്യേകത എന്താണെന്ന് ഇന്ത്യന്‍ ടീമിനെ അറിയാവുന്നവര്‍, അല്ലെങ്കില്‍ ക്രിക്കറ്റ് അറിയാവുന്നവര്‍ ആരും ചോദിക്കില്ല. ധോണി ഫോമിലെത്തിയാല്‍ ടീം മുഴുവന്‍ ഫോമിലാകുമെന്നതാണ് യാഥാര്‍ഥ്യം. ധോണി ഫാക്‍ടര്‍ അത്രത്തോളമുണ്ട് നിലവിലെ ഇന്ത്യന്‍ ടീമില്‍.
ഓപ്പണിംഗ് ജോഡി മുതല്‍ വാലറ്റത്ത് വരെ അതിന്റെ പ്രതിഫലനമുണ്ടാകും. മുന്‍ നിരയ്‌ക്കും മധ്യനിരയ്‌ക്കും ഭയമില്ലാതെ കളിക്കാനുള്ള ആര്‍ജവം കൈവരും. പിന്നില്‍ ധോണിയുണ്ടെന്ന തോന്നല്‍ കോഹ്‌ലിയടക്കമുള്ള താരങ്ങളെ കൂടുതല്‍ അപകടകാരികളാക്കും. റെക്കോര്‍ഡ് ബുക്കുകളില്‍ ഇടം പിടിക്കുന്ന്ന ഇന്നിംഗസ് രോഹിത്തില്‍ നിന്നുമുണ്ടാകും.
ടോപ് ത്രീ ആണ് ഇന്ത്യന്‍ ബാറ്റിംഗിന്റെ കരുത്തെങ്കിലും മുന്‍നിര തകര്‍ന്നാല്‍ മധ്യനിരയെ കൂട്ടുപിടിച്ച് കളി മെനയാന്‍ ധോണിക്ക് സാധിച്ചാല്‍ കളി മാറും. ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരവും ഇതാണ് സൂചിപ്പിക്കുന്നത്. അഞ്ചാം വിക്കറ്റില്‍ കെ എല്‍ രാഹുലുമൊത്ത് കെട്ടിപ്പടുത്തത് 164 റണ്‍സാണ്.
പിച്ചിലെ ഈര്‍പ്പം ബാറ്റിംഗ് ദുഷ്‌കരമാക്കുമെന്നുണ്ടെന്ന് തിരിച്ചറിഞ്ഞ് ക്രീസില്‍ നിലയുറപ്പിച്ച ശേഷമാണ് ധോണിയില്‍ നിന്നും മനോഹരമായ ഇന്നിംഗ്‌സ് പിറന്നത്. അങ്ങനെയുള്ള സാഹചര്യത്തിലെ ഈ സെഞ്ചുറി വിലപ്പെട്ടത് തന്നെയാണ്. എട്ട് ഫോറും ഏഴ് സിക്‌സും നേടി എന്നതും ശ്രദ്ധേയമാണ്.
ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ നട്ടെല്ല് ധോണിയാകുമെന്ന് മുന്‍താരങ്ങള്‍ പ്രവചിച്ചു കഴിഞ്ഞതാണ്. അത് സംഭവിക്കാന്‍ പോകുന്നു എന്നതിന്റെ തെളിവാണ് കഴിഞ്ഞ ഇന്നിംഗ്‌സ്. ഫീല്‍ഡില്‍ കളി നിയന്ത്രിക്കുന്ന ധോണി ബാറ്റിംഗില്‍ കൂടി ഫോം തുടര്‍ന്നാണ് ടീം ഇന്ത്യ കൂടുതല്‍ അപകടകാരികളാകുമെന്നതില്‍ സംശയമില്ല.