കോഹ്‌ലിപ്പട ആശങ്കയില്‍; വാലറ്റത്തെ വെടിക്കെട്ട് വീരന് പരുക്ക് - മൂന്ന് താരങ്ങള്‍ വിശ്രമത്തില്‍
ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കും മുമ്പ് തന്നെ ഇന്ത്യന്‍ ടീമിനെ വേട്ടയാടി പരുക്ക്. കേദാര്‍ ജാദവിന് പിന്നാലെ വിജയ് ശങ്കറിനും പരുക്കേറ്റത് വിരാട് കോഹ്‌ലിയെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. ഇതിന് പിന്നാലെ ടീമിന്റെ കരുത്തായ ഹാര്‍ദ്ദിക് പാണ്ഡ്യയും പരുക്കിന്റെ പിടിയിലായി.
നെറ്റ്‌സില്‍ ബാറ്റിംഗ് പരിശില്ലനം നടത്തുന്നതിനിടെ പാണ്ഡ്യയുടെ ഇടത് കൈയില്‍ പന്ത് ഇടിക്കുകയായിരുന്നു. വേദനക്കൊണ്ട് പുളഞ്ഞ താരം പരിശീലനം അവസാനിപ്പിച്ച് ഗ്രൌണ്ട് വിട്ടു. വൈദ്യസഹായം തേടിയ പാണ്ഡ്യ വിശ്രമത്തിലാണെന്നാണ് റിപ്പോര്‍ട്ട്.
പരുക്ക് ഗുരുതരസ്വഭാവമുള്ളതാണെങ്കില്‍ രണ്ടാം സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെ നേരിടാനിറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ പാണ്ഡ്യ ഉണ്ടാകില്ല. എന്നാല്‍ താരത്തിന്റെ പരിക്ക് സാരമുള്ളതല്ലെന്ന് ടീം വൃത്തങ്ങള്‍ അറിയിച്ചു.
നെറ്റ്‌സില്‍ പരിശീലനത്തിനിടെ ഖലീല്‍ അഹമ്മദിന്‍റെ പന്ത് പുള്‍ ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ് വിജയ് ശങ്കറിന്റെ വലതു കൈയ്‌ക്ക് പരുക്കേറ്റത്. വിജയ് ഉടന്‍ പരിശീലനം അവസാനിപ്പിച്ച് മടങ്ങി. ഐ പി എല്‍ മത്സരത്തിനിടെയാണ് ജാദവിന് പരുക്കേറ്റത്.