എന്നാലും ഇങ്ങനെയുമുണ്ടോ ഒരു തോല്‍വി: മരുന്നിനു പോലും സീറ്റില്ല, ആവശ്യത്തിന് വോട്ടുമില്ല - കെട്ടിവെച്ച കാശു പോയ ക്യാപ്‌റ്റന് ഇനി പാര്‍ട്ടിയും നഷ്‌ടമാകും
തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പുഫലം കണ്ടപ്പോള്‍ ചങ്കു കല്ലായവന്റെ കണ്ണില്‍ നിന്നു പോലും കണ്ണീരു പൊടിഞ്ഞു, എന്നാലും ഇങ്ങനെയുണ്ടോ ഒരു തോല്‍വി. ഒരു പാര്‍ട്ടിയുടെ സാധാ സ്ഥാനാര്‍ത്ഥിയായാണ് മത്സരമെങ്കില്‍ ശരി, ഒരു തോല്‍വി ഒക്കെ എന്ത്. എന്നാല്‍, ഇത് അങ്ങനെയാണോ ? പ്രതിപക്ഷ നേതാവും ഡി എം ഡി കെ - ജനക്ഷേമ മുന്നണി - ടി എം സി സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കൂടിയായിരുന്നു ക്യാപ്‌റ്റന്‍. എന്നിട്ടോ, തോറ്റെന്നു മാത്രമല്ല കെട്ടിവെച്ച കാശും പോയി. ഉളുന്തൂര്‍പേട്ടിലെ ജനങ്ങള്‍ ഒരു വല്ലാത്ത വിധിയായിരുന്നു ക്യാപ്‌റ്റന് കാത്തുവെച്ചത്, മൂന്നാം സ്ഥാനം.
ഉളുന്തൂര്‍പേട്ട് മാത്രമല്ല തമിഴ്‌നാട് മൊത്തത്തില്‍ ക്യാപ്‌റ്റനും ക്യാപ്‌റ്റന്റെ മുന്നണിക്കും എതിരായിരുന്നു. സഖ്യത്തിലുണ്ടായിരുന്ന ഒരു പാര്‍ട്ടി പോലും നിയമസഭയുടെ വാതില്‍ പോലും കാണില്ല. ഇമ്മാതിരി തോല്‍വി ഏറ്റുവാങ്ങേണ്ടി വരുമെന്ന് സഖ്യത്തിലുള്ള ഒരു നേതാവു പോലും കരുതിയിരുന്നില്ലത്രേ. 2006ലും 2011ലും വിജയം അറിഞ്ഞ വിജയകാന്ത് സ്വപ്നത്തില്‍ പോലും ഒരു പരാജയം പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം.
തോല്‍വിയെക്കുറിച്ച് ഇതുവരെ വാ തുറന്ന് ഒരു അക്ഷരം മിണ്ടാന്‍ ജനക്ഷേമ മുന്നണിയിലെ ഒരു നേതാവും തയ്യാറായിട്ടില്ല. മുന്നണിനേതാക്കളായ വൈകോയോ വിജയകാന്തോ ഒരു കുഞ്ഞു വാര്‍ത്താക്കുറിപ്പ് പോലും ഇറക്കിയിട്ടില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി തമിഴ്‌നാട് പിടിച്ചടക്കാന്‍ ഒരു മുന്നണി രൂപപ്പെട്ടിട്ട് ആ മുന്നണിക്ക് ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിയാത്തതിലും വലിയ നാണക്കേട് ഉണ്ടോ? ഏതായാലും, അവസാനനിമിഷം വൈകോ നൈസ് കളിയായിരുന്നു കളിച്ചത്. മുന്നണിയെല്ലാം രൂപപ്പെട്ട് മത്സരിക്കാന്‍ ഒക്കെ തീരുമാനിച്ചെങ്കിലും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതിന് തൊട്ടുമുമ്പ് അങ്ങ് പിന്മാറിക്കളഞ്ഞു. പുള്ളി ഈ ഘടാഘടിയന്‍ തോല്‍വി നേരത്തെ തന്നെ കണ്ടിരുന്നുവോ എന്തോ?
പാര്‍ട്ടി തോറ്റത് പോട്ടെ, മുന്നണി തോറ്റതും പോട്ടെ, പക്ഷേ, പാര്‍ട്ടി തന്നെ ഇല്ലാതായല്ലോ. അതാണ് ഇനി ക്യാപ്‌റ്റനും കൂട്ടര്‍ക്കും സംഭവിക്കാന്‍ പോകുന്നതെന്നാണ് വാര്‍ത്തകള്‍. സംസ്ഥാന പാര്‍ട്ടി ഒക്കെയായി നിലനില്‍ക്കണമെങ്കില്‍ ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്, അതിലൊന്ന് സീറ്റു വേണം എന്നതാണ്. വെറുതെ ഒരു സീറ്റ് ഉണ്ടായാല്‍ പോരാ, സംസ്ഥാനത്തെ ഓരോ 25 സീറ്റില്‍ ഒരെണ്ണം വീതം വേണം, സീറ്റ് മാത്രം ഉണ്ടായാല്‍ പോരാ, മൊത്തം പോള്‍ ചെയ്ത വോട്ടിന്റെ ആറു ശതമാനവും വേണ. ഏതായാലും ഇത് രണ്ടും ക്യാപ്‌റ്റന്റെ പാര്‍ട്ടിക്കില്ല. സീറ്റൊന്നും ഇല്ലെങ്കിലും മൊത്തം പോള്‍ ചെയ്ത വോട്ടിന്റെ എട്ട് ശതമാനമെങ്കിലും ഉണ്ടായാലും മതി, അതുമില്ല. ആദ്യം പറഞ്ഞ മാനദണ്ഡപ്രകാരമായിരുന്നു നേരത്തെ സംസ്ഥാന പദവി ലഭിച്ചത്.
എന്നാല്‍, ഇത്തവണ മേല്പറഞ്ഞ രണ്ടു മാനദണ്ഡങ്ങളും പാലിക്കാന്‍ പാര്‍ട്ടിക്ക് കഴിയില്ല. സീറ്റ് കിട്ടിയില്ലെന്നു മാത്രമല്ല, വോട്ട് ശതമാനം 2.4 ശതമാനമായി കുറയുകയും ചെയ്‌തു. ഏതായാലും സീറ്റും വോട്ടും കിട്ടാത്ത ക്യാപ്‌റ്റനും കൂട്ടര്‍ക്കും സംസ്ഥാന പാര്‍ട്ടി പദവിയും ഉടന്‍ തന്നെ നഷ്‌ടമാകും.