ഹണിട്രാപ് കേസിലകപ്പെട്ട എകെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്‍റെ വാര്‍ത്താസമ്മേളനത്തില്‍ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകുന്നതില്‍ തെറ്റില്ല എന്ന് അറിയിച്ചതോടെ അക്കാര്യത്തില്‍ ഇനിയൊരു മാറ്റമുണ്ടാകില്ലെന്ന് ഉറപ്പായി.
എന്നാല്‍ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകുന്നത് ധാര്‍മ്മികമായി എത്രമാത്രം ശരിയാണ് എന്ന ചോദ്യമാണ് കേരളസമൂഹം ഇപ്പോള്‍ ഉയര്‍ത്തുന്നത്. ശശീന്ദ്രനെ ഫോണ്‍കെണിയില്‍ കുടുക്കിയതാണെങ്കിലും അങ്ങനെ കെണിയില്‍ കുടുങ്ങാന്‍ പാകത്തില്‍ തലവച്ചുകൊടുക്കുന്ന മന്ത്രിമാരാണോ കേരളത്തിലെ ജനങ്ങളെ ഭരിക്കേണ്ടതെന്ന ചോദ്യം അര്‍ത്ഥവത്താണുതാനും.
ശശീന്ദ്രനെ വീണ്ടും മന്ത്രിസ്ഥാനത്ത് എത്തിക്കാനുള്ള ഇടതുമുന്നണിയുടെ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി കഴിഞ്ഞു. ഫോൺ കെണി വിവാദത്തിൽ അകപ്പെട്ട ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാൻ ശ്രമിക്കുന്നവർ ധാർമികതയെക്കുറിച്ച് ഇനി പുരപ്പുറത്ത് കയറി നിന്ന് കൂവരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
ചെന്നിത്തലയുടെ പ്രസ്‌താവന ഇടതുമുന്നണി തള്ളിക്കളയുമെങ്കിലും ഇതേ അഭിപ്രായം തന്നെയാകും ഭൂരിഭാഗം ജനങ്ങളില്‍ നിന്നുമുണ്ടാകുക. പ്രതിപക്ഷത്തെക്കാള്‍ ശക്തമായ രീതിയില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന സിപിഐ പോലും ശശീന്ദ്രന്റെ മന്ത്രിസഭയിലേക്കുള്ള മടങ്ങി വരവിനെ എതിര്‍ക്കില്ലെങ്കിലും നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.
മന്ത്രിസ്ഥാനത്ത് ഇരിക്കുമ്പോള്‍ ചില ധാര്‍മ്മികതകള്‍ ഏത് രാഷ്‌ട്രീയ നേതാവും പുലര്‍ത്തേണ്ടതുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ശശീന്ദ്രന് വീഴ്‌ച സംഭവിച്ചുവെന്നതില്‍ സംശയമില്ല. അന്വേഷണം നടത്തിയ ആന്റണി കമ്മീഷന്‍ ശശീന്ദ്രനെ വെള്ളപൂശുന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചുവെങ്കിലും സര്‍ക്കാരിനും ഇടതു മുന്നണിക്കുമുണ്ടായ കളങ്കം ഇതിലൂടെ കഴുകി കളയാന്‍ സാധിക്കില്ല.
ശശീന്ദ്രന്‍ മുഖേനെ സര്‍ക്കാര്‍ മാത്രമല്ല പരിഹസിക്കപ്പെട്ടത്, അദ്ദേഹത്തെ വോട്ട് ചെയ്‌തു ജയിപ്പിച്ച പൊതുസമൂഹവും ഇതിലൂടെ അപഹസ്യരായി. സ്‌ത്രീ സുരക്ഷ ശക്തമാക്കുമെന്ന വാദമുയര്‍ത്തി അധികാരത്തിലേറിയ സര്‍ക്കാരിലെ ഒരു മന്ത്രിയുടെ പേരിലാണ് ഫോണ്‍ കെണി വിവാദം ഉണ്ടായതെന്നതും എടുത്ത പറയേണ്ട വിഷയമാണ്.
ഈ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകുന്നതോടെ സര്‍ക്കാരിന്റെ അന്തസിന് കോട്ടം തട്ടുമെന്നതില്‍ സംശയിമില്ല. വിവാദങ്ങള്‍ വീണ്ടും തലപൊക്കാനുള്ള സാധ്യതകളും കൂടുതലാണ്. വിമര്‍ശനങ്ങളും തുടര്‍ച്ചയായ വിവാദങ്ങളും എന്‍സിപിയെ അല്ല ഇടതു സര്‍ക്കാരിനെയാണ് മോശമാക്കുന്നതെന്ന തിരിച്ചറിയല്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉണ്ടാകേണ്ടത് അനിവാര്യമാണ്.