മാധ്യമപ്രവര്‍ത്തകര്‍ക്ക് അക്രഡിറ്റേഷന്‍ പുതുക്കുന്നതിനായി വര്‍ഷാവര്‍ഷം മീഡിയ അക്കാദമിയില്‍ കോഴ്‌സ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രൈവറ്റ് മീഡിയകളെ കൂടി ഉള്‍പ്പെടുത്തുന്ന വിധത്തില്‍ നിയമത്തില്‍ മാറ്റം വരുത്തുന്നതിന് പ്രസ് കൌണ്‍സില്‍ ഓഫ് ഇന്ത്യയോട് ആവശ്യപ്പെടുമെന്നും മാധ്യമപ്രവര്‍ത്തകര്‍ മന്ത്രിമാരുമായി ഇടപെടുന്ന കാര്യങ്ങളില്‍ ചട്ടം രൂപീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്വകാര്യ ചാനലുകള്‍ക്ക് സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തുക, സ്‌കൂള്‍ തലം മുതല്‍ക്കുതന്നെ ഉത്തരവാദിത്വ മാധ്യമപ്രവര്‍ത്തനത്തെ കുറിച്ച് പഠിപ്പിക്കുക എന്നിങ്ങനെയുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മംഗളം ചാനല്‍ പെണ്‍കെണിയുമായി ബന്ധപ്പെട്ട കേസില്‍ ജസ്റ്റിസ് പി എസ് ആന്റണി കമ്മിഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ച്‌കൊണ്ട് നടത്തിയ പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം സെക്രട്ടേറിയേറ്റിനുള്ളില്‍ മാധ്യമങ്ങളെ വിലക്കിയതായുള്ള വാര്‍ത്ത പുറത്തുവന്നിരുന്നു. എന്നാല്‍ സിഎമ്മിന്റെ ഓഫീസില്‍ നിന്ന് ആരും മാധ്യമങ്ങളെ തടയാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം താന്‍ ഓഫീസില്‍ വന്നപ്പോള്‍ മാധ്യമങ്ങള്‍ സെക്രട്ടറിയേറ്റിന് പുറത്ത് നില്‍ക്കുന്നതാണ് കണ്ടതെന്നും താമസിച്ച് എത്തിയതിനാല്‍ ജസ്റ്റിസ് പി എസ് ആന്റണി കമ്മീഷന്റെ റിപ്പോര്‍ട്ട് സ്വീകരിക്കുകയാണ് ആദ്യം ചെയ്തതെന്നും മുഖ്യമന്ത്രി അറിയിച്ചു.