ഫോൺ കെണി വിവാദം: മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ; ചാനല്‍ സിഇഒയെ പ്രോസിക്യൂട്ട് ചെയ്യണം - ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിച്ചതായി മുഖ്യമന്ത്രി

ബുധന്‍, 22 നവം‌ബര്‍ 2017 (10:59 IST)
മുൻ ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ പ്രതിയായ ഫോണ്‍ കെണി വിവാദവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം നടത്തിയ ജൂഡീഷൽ കമ്മീഷന്റെ റിപ്പോർട്ട് സര്‍ക്കാര്‍ അംഗീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് റിപ്പോർട്ട് അംഗീകരിച്ചതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 
 
റിപ്പോര്‍ട്ടിന്റെ കോപ്പി ഇന്നുതന്നെകേന്ദ്രത്തിനയക്കുമെന്നും 16 ശുപാര്‍ശകളാണ് റിപ്പോര്‍ട്ടിലുള്ളതെന്നും അദ്ദേഹം അറിയിച്ചു. മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. ചാനലിന് സ്വയം നിയന്ത്രണം ഉണ്ടായിരുന്നില്ല. ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. 
 
മാത്രമല്ല ,ചാനല്‍ മേധാവി ആര്‍ അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രസ് കൗണ്‍സിലിനെ മീഡിയ കൗണ്‍സിലാക്കി മാറ്റണമെന്നും ദൃശ്യമാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം വേണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്‍. 
 
കമ്മിഷന്റെ ചില ശുപാർശകളിൽ റിപ്പോർട്ട് നൽകുന്നതിനായി ഒരു കമ്മിറ്റിയെ സർക്കാർ നിയമിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയുടെ റിപ്പോർട്ട് അനുസരിച്ച് സർക്കാർ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്നലെയാണ് റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍