നെഹ്‍റു കുടുംബം തൊട്ടതെല്ലാം പൊന്നാക്കും. അഥവാ പൊന്നായില്ല, കത്തിക്കരിഞ്ഞ് കരിക്കട്ടയാണ് ആകുന്നതെങ്കില്‍ അതിന്‍റെ ഉത്തരവാദിത്തം ഒരിക്കലും അവര്‍ക്കായിരിക്കില്ല. കഴിഞ്ഞ ഏഴ് ദശാബ്‍ദമായി ഭാരതം കണ്ടുവരുന്ന ഒരു സത്യമാണത്. ഏതെങ്കിലും തെരഞ്ഞെടുപ്പ് പ്രചരണത്തിന് നെഹ്‍റു കുടുംബത്തിലെ അംഗങ്ങള്‍ മുന്നിട്ടിറങ്ങിയാല്‍ ഫലം അനുകൂലമാണെങ്കില്‍ അത് ആ വ്യക്തികളുടെ പ്രഭാവം നിമിത്തമാണെന്ന് രാഷ്‍ട്രീയ വിലയിരുത്തല്‍ ഉണ്ടാകും. ഫലം പ്രതികൂലമാണെങ്കിലോ? സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ചതിലുള്ള പിഴവ്, സംഘടനാ പ്രവര്‍ത്തനത്തിലെ അപാകത എന്നൊക്കെ പറഞ്ഞ് പാര്‍ട്ടി ആശ്വസിക്കും.
അഞ്ച് സംസ്ഥാനങ്ങളില്‍ രാഹുല്‍ ഗാന്ധിയെന്ന വ്യക്തിയുടെ യുവത്വത്തിന്‍റെ പ്രസരിപ്പില്‍ 2ജി സ്‍പെക്ട്രത്തെയും വിലവര്‍ധനവിനെയുമെല്ലാം മറികടക്കാമെന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും കൂട്ടരുടെയും നിഗമനം പാളി. തോറ്റെന്നല്ല, എട്ടുനിലയില്‍ പൊട്ടിയെന്ന് പറയുന്നതാകും ശരി.
സ്വയം പഴി ഏറ്റെടുത്ത തന്‍റെ മകനെ ദേശീയ രാഷ്‍ട്രീയത്തില്‍ തന്നെ നിലനിര്‍ത്താനുള്ള പെടാപ്പാടിലാണ് സോണിയ ഇപ്പോള്‍. അതിനാല്‍ സോണിയ വ്യക്തിപരമായി ആരെയും പഴിക്കുന്നില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പിഴവുകളും ദുര്‍ബലമായ സംഘടനാ സംവിധാനങ്ങളുമാണ് കോണ്‍ഗ്രസിന് തിരിച്ചടി ആയതെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ അടിവരയിട്ടു പറയുന്നു.
നാണംകെട്ടവന്‍റെ ആസനത്തില്‍ ആലുമുളച്ചാല്‍ അതും ഒരു തണല്‍ എന്ന് പറയുന്നതുപോലെ തോല്‍വിക്ക് ഓരോ ന്യായങ്ങള്‍ കണ്ടെത്തി പൊട്ടിപ്പൊളിഞ്ഞ അധികാരക്കസേരയുടെ കാലുകളില്‍ പിടിച്ചു തൂങ്ങുകയാണ് കോണ്‍ഗ്രസ്. സോണിയയ്ക്ക് ഇപ്പോഴും നോട്ടം മകനെ പ്രധാനമന്ത്രിക്കസേരയില്‍ എത്തിക്കുക എന്നതുതന്നെയാണ്.
കോണ്‍ഗ്രസില്‍ തെരഞ്ഞെടുപ്പ് നയിക്കാന്‍ മികച്ച നേതാക്കള്‍ ഇല്ലാതായി പോയതല്ല തോല്‍വിയ്ക്ക് കാരണമെന്നും, എല്ലാവരും നേതാക്കളായി പോയതാണ് കാരണമെന്നും പറഞ്ഞ് സോണിയ രാഹുലിനെ രക്ഷിക്കാന്‍ തീവ്രശ്രമം നടത്തുന്നുണ്ട്. പാര്‍ട്ടി ഫണ്ടുകളിലൂടെ വരുന്ന വരുമാനത്തില്‍ തന്‍റെ മക്കള്‍ക്കും രാജകീയമായി ജീവിക്കണമെങ്കില്‍ പാര്‍ട്ടിയുടെ തലപ്പത്തെ ഏതെങ്കിലും കൊമ്പില്‍ ഇരുന്നാലേ കഴിയൂവെന്ന് സോണിയയ്ക്ക് അറിയാം. അതുകൊണ്ടുതന്നെ, അഞ്ചല്ല അമ്പത് തെരഞ്ഞെടുപ്പുകളില്‍ തോറ്റമ്പിയാലും സോണിയ ഇതുതന്നെ പറയും - സംഘടനയില്‍ അല്‍പ്പം ദൌര്‍ബല്യമുണ്ട്, പിന്നെ സ്ഥാനാര്‍ത്ഥികളൊന്നും അത്ര പോരാ...