യുഎസ് സഹായം: പി രാജീവ് എംപി വിവാദത്തില്‍

Webdunia
ഞായര്‍, 26 ഫെബ്രുവരി 2012 (13:25 IST)
രാജ്യസഭാ എം പിയായ പി രാജീവിന്റെ പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങള്‍ക്ക് യു എസില്‍ നിന്ന് സഹായം ലഭിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ന്യൂയോര്‍ക്ക് ആസ്ഥാനമായ ഫോര്‍ഡ് ഫൌണ്ടേഷനാണ് സഹായം നല്‍കുന്നതെന്ന് ഒരു ദൃശ്യമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ പിആര്‍എസ് ലെജിസ്ലേറ്റീവ് റിസര്‍ച്ച് ആണ് പി രാജീവിന് ഫോര്‍ഡ് ഫൌണ്ടേഷന്റെ സഹായം ലഭിക്കുന്ന വിവരം വെളിപ്പെടുത്തിയിരിക്കുന്നത്. സംഘടനയുടെ വെബ്സൈറ്റില്‍ ആണ് ഇക്കാര്യമുള്ളത്.

രാജീവിന് വേണ്ട ഗവേഷണപിന്തുണ മുതല്‍ അദ്ദേഹം സഭയില്‍ ഉന്നയിക്കേണ്ട ചോദ്യം വരെ ഫോര്‍ഡ് ഫൗണ്ടേഷന്‍ തയ്യാറാക്കി നല്‍കും. മണ്ഡലത്തിന്റെ സമഗ്ര ചിത്രവും ഇവര്‍ തയ്യാറാക്കും. പിആര്‍എസിന്റെ ‘ലെജിസ്ലേറ്റീവ് അസിസ്റ്റന്റ് ടു മെമ്പേഴ്‌സ് ഓഫ് പാര്‍ലമെന്റ് ഫെല്ലോഷിപ്പ്’ ലഭിച്ച ശ്വേത വെങ്കിട്ടറാം ആണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം മുതല്‍ ബജറ്റ് സമ്മേളനം വരെ രാജീവിന് സഹായിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

ബംഗാളില്‍ നിന്നുള്ള സിപിഎം എംപി മോയിനുല്‍ ഹസ്സനും രാജീവിനൊപ്പം വിദേശ സഹായം ലഭിക്കുന്നുണ്ട്.