ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ കടുത്ത ഹിന്ദുത്വമുഖമുള്ള ഒരാള്‍ രാഷ്ട്രപതിയാകണമെന്ന ആവശ്യം ശിവസേന ഉള്‍പ്പടെയുള്ള ഹിന്ദു സംഘടനകള്‍ ശക്തമാക്കുന്നു. ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭഗവതിനെ രാഷ്ട്രപതിയാക്കണമെന്നാണ് ശിവസേന ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രധാനമന്ത്രിയായി നരേന്ദ്രമോദിയും യു പി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥും വന്നതോടെ ഇനി രാഷ്ട്രപതികൂടി തീവ്രഹിന്ദുത്വവാദിയായ ഒരാള്‍ ആയാല്‍ ഹിന്ദുരാഷ്ട്രമെന്ന സ്വപ്നത്തിലേക്കുള്ള അകലം കുറയുമെന്നാണ് ശിവസേനയുടെ വാദം. ജൂലൈയില്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മോഹന്‍ ഭഗവതിന്‍റെ പേരുയര്‍ത്തി ശിവസേന രംഗത്തെത്തിയിരിക്കുന്നത്.
ഈ വാദത്തെ ആര്‍ എസ് എസിന് തള്ളാനാവില്ല എന്നതാണ് പ്രത്യേകത. ആര്‍ എസ് എസിന്‍റെ പിന്തുണ ലഭിച്ചാല്‍ അതിനെ മറികടന്ന് ഒരു തീരുമാനം നരേന്ദ്രമോദിയോ അമിത് ഷായോ കൈക്കൊള്ളില്ലെന്നും ശിവസേന കണക്കുകൂട്ടുന്നു.
കെ എസ് സുദര്‍ശന്‍റെ പിന്‍ഗാമിയായി 2009 മാര്‍ച്ചിലാണ് ആര്‍ എസ് എസിന്‍റെ മേധാവിയായി മോഹന്‍ ഭഗവത് വരുന്നത്. മഹാരാഷ്ട്രയിലെ ചന്ദ്രപുര്‍ സ്വദേശിയായ മോഹന്‍ ഭഗവത് വെറ്റിനറി സയന്‍സില്‍ ബിരുദാനന്തരബിരുദത്തിന് പഠിക്കുമ്പോഴാണ് പഠനം പാതിവഴി നിര്‍ത്തി ആര്‍ എസ് എസ് പ്രചാരക് ആകുന്നത്. അടിയന്തിരാവസ്ഥക്കാലത്ത് ഒളിവിലിരുന്നായിരുന്നു പാര്‍ട്ടി പ്രവര്‍ത്തനം.
ഹെഡ്‌ഗേവാറിനും ഗോള്‍വല്‍ക്കറിനും ശേഷം ഇത്രയും ചെറുപ്രായത്തില്‍ ആര്‍ എസ് എസ് മേധാവിയായി മോഹന്‍ ഭഗവതിനെപ്പോലെ മറ്റൊരാള്‍ വന്നിട്ടില്ല. ഇസഡ് പ്ലസ് വിവിഐപി കാറ്റഗറി സുരക്ഷയുള്ള രാജ്യത്തെ അപൂര്‍വ്വം രാഷ്ട്രീയനേതാക്കളില്‍ ഒരാളാണ് മോഹന്‍ ഭഗവത്.