ഇത്തവണത്തെ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഏകാഭിനയത്തിന് ഒന്നാംസ്ഥാനവും എ ഗ്രേഡും നേടിയ സെന്റ് ജോസഫ് എച്ച്എസിലെ അബാറ്റിസ് തൊകലത്ത് സണ്ണി ഇപ്പോള്‍ ഏറെ വിഷമത്തിലാണ്. ട്രെയിനില്‍ നിന്ന് തള്ളിയിട്ട് മാനഭംഗപ്പെടുത്തി സൗമ്യയെ കൊന്ന ഒറ്റക്കയ്യന്‍ ഗോവിന്ദച്ചാമിയെ ജയിലില്‍ നിന്നിറക്കാന്‍ ശ്രമിക്കുന്ന അഭിഭാഷകരെ കളിയാക്കിക്കൊണ്ടാണ് സണ്ണി കലോത്സവവേദി കീഴടക്കിയത്. എന്നാല്‍ സണ്ണി തങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു എന്ന് പരാതിപ്പെട്ടിരിക്കുകയാണ് ഗോവിന്ദച്ചാമിയുടെ വക്കീലുമാരായ പിഎ ശിവരാജന്‍, ഇ സനോജ് ചന്ദ്രന്‍ എന്നിവര്‍.
സണ്ണി അവതരിപ്പിച്ച ഐറ്റങ്ങളില്‍ ഒന്ന് ഗോവിന്ദച്ചാമിക്ക് വേണ്ടി കേസ് വാദിക്കുന്ന അഭിഭാഷകനായ അച്ഛനെതിരെ മകള്‍ നടത്തുന്ന രോഷപ്രകടനം ആയിരുന്നു. ‘നിങ്ങളെ എനിക്ക് വെറുപ്പാണ്, നിങ്ങളുടെ മകളായി ജീവിക്കുന്നതിലും ഭേദം നരാധമനായ ആ ഒറ്റക്കയ്യന്റെ വെപ്പാട്ടിയായി കഴിയുന്നതാണ്’ എന്നാണ് മകള്‍ അച്ഛനായ അഭിഭാഷകനോട് പറയുന്നത്. അപകീര്‍ത്തി (ഐപിസി 499, 500) മോശമായ ഭാഷ, അംഗ വിക്ഷേപം (ഐപിസി 294) എന്നീ വകുപ്പുകളിലാണ് അഭിഭാഷകര്‍ കേസ് ഫയല്‍ ചെയ്യുന്നത്.
ഇക്കഴിഞ്ഞ 17-ന് കലോത്സവ വേദി ഒന്നില്‍ നടന്ന ഹൈസ്കൂള്‍ ആണ്‍കുട്ടികളുടെ ഏകാഭിനയത്തില്‍ നിയമം വിവേചനങ്ങള്‍ക്ക് കീഴ്പ്പെടുന്നുണ്ടോ എന്ന പ്രമേയം അവതരിപ്പിച്ച അബാറ്റിസ് കളിയാക്കിയത് ഗോവിന്ദച്ചാമിയുടെ അഭിഭാഷകരെ മാത്രമല്ല. ബാലകൃഷ്ണപിള്ള ശിക്ഷാ കാലാവധി കഴിയുന്നതിന് മുമ്പേ പുറത്തിറങ്ങിയതും അഭയകേസ് അട്ടിമറിക്കപ്പെട്ടതും മദനിക്ക് വിചാരണ നിഷേധിക്കുന്നതും അബാറ്റിസ് അവതരിപ്പിച്ചു. ‘ഞാനാണ് മാടമ്പി, ജയില്‍ എനിക്കൊരു സുഖവാസകേന്ദ്രം’ എന്ന് അബാറ്റിസ് പ്രഖ്യാപിച്ചപ്പോള്‍ വേദി ഇളകിമറിയുകയായിരുന്നു.
പട്ടം തൊകലത്ത് സണ്ണിയുടെയും റാണിയുടെയും മകനാണ് അബാറ്റിസ്. തൃശൂര്‍ സ്വദേശിയായ അച്ഛന്‍ സണ്ണി തൊകലന്‍ മാനഞ്ചിറ സെ. ജോണ്‍സ് സ്കൂളിലെ പ്രിന്‍സിപ്പലാണ്. സകുടുംബം ശ്യാമള എന്ന ചിത്രത്തില്‍ നെടുമുടി വേണുവിന്റെ ബാല്യകാലം അവതരിപ്പിച്ച അബാറ്റിസ് ഒട്ടേറെ ചിത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്. ഏഷ്യാനെറ്റിന്റെ ഡാന്‍സ് ഡാന്‍സ് എന്ന റിയാലിറ്റി ഷോയില്‍ മുന്നിലുള്ള നൃത്തസംഘത്തില്‍ അംഗവുമാണ്.