മുസ്ലീങ്ങള്‍ക്ക് സ്ഥലം വാങ്ങാന്‍ വിലക്ക്

Webdunia
വ്യാഴം, 16 ഫെബ്രുവരി 2012 (14:55 IST)
മുസ്ലീങ്ങള്‍ സ്ഥലം വാങ്ങുന്നതിന് സംഘപരിവാര്‍ സംഘടനയുടെ വിലക്കെന്ന് പരാതി. ഹിന്ദു ഭൂരിപക്ഷമുള്ള പ്രദേശത്തെ സ്ഥലമോ കെട്ടിടങ്ങളോ മുസ്ലീങ്ങള്‍ക്ക് വില്‍ക്കാന്‍ ശ്രമിച്ചാല്‍ സംഘപരിവാര്‍ സംഘടനകള്‍ ഉടന്‍ തന്നെ പ്രശ്‌നത്തില്‍ ഇടപ്പെടും. ആ വില്‍പ്പന കരാറില്‍ നിന്നും പിന്‍‌വാങ്ങാതെ പിന്നെ ഇവര്‍ സ്ഥലം വിടുന്ന പ്രശ്നമില്ല. മുസ്ലീങ്ങളെ ലക്‍ഷ്യം വച്ചുള്ള ഈ ആസൂത്രിത അക്രമം ഗുജറാത്തിലെ ഭാവനഗറിലാണ്. ഈ പ്രവര്‍ത്തനം പ്രോപ്പര്‍ട്ടി വില്‍ക്കാനിരിക്കുന്നവര്‍ക്കും തലവേദനയായിരിക്കുകയാണ്.

ഒരു ബംഗ്ലാവ് മുസ്ലീമിനു വില്‍ക്കാന്‍ വേണ്ടി ഡോക്‍ടര്‍ ശ്രമിച്ചതാണ് അവസാനത്തെ സംഭവം. കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാര്‍ സംഘങ്ങള്‍ ഡോക്ടറുടെ വീട്ടിലെത്തുകയും കച്ചവടത്തില്‍ നിന്നു പിന്മാറണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇത് നടക്കില്ലെന്ന് പറഞ്ഞതോടെ വീടിനു മുന്നില്‍ കുത്തിയിരിപ്പ് തുടങ്ങിയ സംഘം പ്രാര്‍ത്ഥന തുടങ്ങി. ഒടുവില്‍ മറ്റ് മാര്‍ഗങ്ങളില്ലാത്ത സംഘത്തിന്റെ ആവശ്യത്തിന് ഡോക്ടര്‍ക്ക് വഴങ്ങേണ്ടി വന്നു.