മന്ത്രി എം കെ മുനീറിന്റെ ഭാര്യയ്ക്ക് വധഭീഷണി

Webdunia
ബുധന്‍, 18 ഏപ്രില്‍ 2012 (16:13 IST)
PRO
PRO
മുസ്ലിം ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കിയതിന്റെ പ്രതിഷേധസൂചകമായി മന്ത്രി ഡോ. എം കെ മുനീറിന്റെ ഭാര്യയ്ക്ക് വധഭീഷണിയും തെറിവിളിയും. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മന്ത്രി നല്‍കിയ പരാതിയെ തുടര്‍ന്ന് പാലക്കാട് സ്വദേശികളായ ജോണ്‍സണ്‍, കെ എഫ് ജോണി എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്.

ചൊവ്വാഴ്ച രാവിലെ 11 മണിയോടെ മന്ത്രിയുടെ നടക്കാവിലെ വീട്ടിലേക്കാണ് യുവാക്കള്‍ ഫോണ്‍ വിളിച്ചത്. മന്ത്രിയുടെ ഭാര്യ ഫോണെടുത്തപ്പോള്‍ ഇവര്‍ മോശമായ ഭാഷയില്‍ സംസാരം തുടങ്ങി. പിന്നീട് വധഭീഷണി മുഴക്കുകയും ചെയ്തു. ഫോണ്‍ കട്ട് ചെയ്തെങ്കിലും യുവാക്കള്‍ പല നമ്പറുകളില്‍ നിന്നായി വീണ്ടും വിളിച്ച് അസഭ്യവര്‍ഷം തുടര്‍ന്നു.

ശല്യം തുടര്‍ന്നതോടെ കോള്‍ വന്ന നമ്പറുകള്‍ മന്ത്രിക്ക് നല്‍കി. അദ്ദേഹം നമ്പറുകള്‍ കോഴിക്കോട് സൈബര്‍ സെല്ലിന് കൈമാറി. മന്ത്രിയുടെ ഗണ്‍മാന്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറെ വിവരം ധരിപ്പിക്കുകയും ചെയ്തു. അന്വേഷണത്തിനൊടുവില്‍ വൈകിട്ട് നാലരയോടെ പൊലീസ് പ്രതികളെ വലയിലാക്കി. അഞ്ചാം മന്ത്രിയെ നല്‍കിയതിനാലാണ് തങ്ങള്‍ ഇങ്ങനെ ചെയ്തതെന്ന് യുവാക്കള്‍ പാലക്കാട് എസ്പിയോട് സമ്മതിക്കുകയും ചെയ്തു.