ബ്രാന്‍ഡ് അംബാസഡറാവുന്നതില്‍ എന്താണ് തെറ്റ് ?

Webdunia
ഞായര്‍, 24 ജനുവരി 2010 (17:34 IST)
ഈ ആഴ്ചയിലെ ആഴ്ചമേള പംക്തിയില്‍ സൂപ്പര്‍ താരം മോഹന്‍ലാല്‍, സുകുമാര്‍ അഴീക്കോട്, എം മുകുന്ദന്‍, മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, ഗായകന്‍ കെ ജെ യേശുദാസ്, ബി ജെ പി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി, എന്നിവര്‍ പങ്കെടുക്കുന്നു.


PRO
ജ്വല്ലറികളുടെ ബ്രാന്‍ഡ് അംബാസഡറായി പ്രവര്‍ത്തിക്കുന്നത്‌ തെറ്റാണെന്ന അഭിപ്രായം എനിക്കില്ല. മലബാര്‍ ഗോള്‍ഡ് സ്വര്‍ണ്ണ കച്ചവടം മാത്രം നടത്തുന്ന ഒരു സ്ഥാപനമല്ല. ജനങ്ങള്‍ക്ക് ഉപകാരമുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ അവരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നുണ്ട്. പാവങ്ങളെയും രോഗികളെയും സഹായിക്കുന്ന അവര്‍ മാലിന്യമുക്ത കേരളത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. മാത്രമല്ല, സ്വര്‍ണം നല്ലൊരു നിക്ഷേപം കൂടിയല്ലേ. അതുകൊണ്ട് ജ്വല്ലറികളുടെ ബ്രാന്‍ഡ് അംബാസഡറായി പ്രവര്‍ത്തിക്കുന്നതില്‍ തെറ്റില്ല.
- മോഹന്‍ലാല്‍


PRO
ഫെമിനിസ്റ്റാവുക എന്നത്‌ ബുദ്ധിശൂന്യതയാണ്. ഒരു സ്‌ത്രീ നേരത്തേതന്നെ 'ഫെമിനിന്‍' ആണ്‌. പിന്നെ എന്തിനാണവര്‍ ഫെമിനിസ്റ്റ്‌ ആവുന്നത്‌? 'ഫെമിനിന്‍' ആവാന്‍ കഴിയാത്തവരാണ്‌ ഫെമിനിസ്റ്റ്‌ ആവുന്നത്‌. സ്‌ത്രീയും പുരുഷനും തുല്യരാണ്‌ എന്നതു ബുദ്ധിശൂന്യമായ സമവാക്യമാണ്‌. അതിനര്‍ഥം സ്‌ത്രീ പുരുഷനെക്കാള്‍ താഴെയാണ്‌ എന്നല്ല. സൃഷ്‌ടിപരമായി തന്നെ സ്‌ത്രീക്ക് ഏറെ ഔ‍ന്നത്യങ്ങളുണ്ട്.
- സുകുമാര്‍ അഴീക്കോട്

PRO
എഴുത്തുകാര്‍ക്ക്‌ ജീവിക്കാന്‍ കൊള്ളാത്ത കാലമാണിപ്പോള്‍. ചിന്തിക്കാനും എഴുതാനും വായതുറക്കാനും ബുദ്ധിമുട്ടുകയാണ്‌. സമൂഹത്തിന്റെ പ്രശ്‌നത്തില്‍ ഇടപെടണമെന്ന്‌ നിരന്തരം ആവശ്യപ്പെടുകയും ഇടപെട്ടാല്‍ കോലം കത്തിക്കുകയും ചെയ്യും. ഇതാണ്‌ എനിക്കു സംഭവിച്ചത്‌. സക്കറിയക്കും അതുതന്നെ സംഭവിച്ചു.
- എം മുകുന്ദന്‍

PRO
കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ക്ക് ഡല്‍ഹിയില്‍ പണിയൊന്നുമില്ലാത്തതുകൊണ്ടാണ് ഇവിടെ വന്ന് സംസ്ഥാന സര്‍ക്കാരിനെതിരെ പ്രസ്താവനയിറക്കി സംതൃപ്തരാവുന്നത്. ക്യാബിനറ്റ് മന്ത്രിമാരെ കാണാന്‍ ഇപ്പോള്‍ത്തന്നെ പാസ് എടുക്കേണ്ട ഗതികേടിലായ ഇവര്‍ നാളെ ഇതിനുവേണ്ടി ധര്‍ണയോ പിക്കറ്റിങ്ങോ നടത്തിയാല്‍പ്പോലും അത്ഭുതപ്പെടേണ്ടതില്ല.
- വി എസ് അച്യുതാനന്ദന്‍

PRO
ടേപ് റെക്കോര്‍ഡറിന്‍റെ കഥ ഞാന്‍ പറയാറുണ്ട്. റിവേഴ്സും ഫോര്‍വേഡുമില്ലാത്ത ടേപ് റെക്കോര്‍ഡറാണ് ജീവിതം. പ്ലേ മത്രമേയുള്ളു. കഴിഞ്ഞു പോയത് ഓര്‍മിക്കാം. തിരിച്ചു പോകാന്‍ കഴിയില്ല. വരുന്ന കാലത്തെക്കുറിച്ച് ആലോചിക്കാം. പക്ഷെ നിയന്ത്രിക്കാന്‍ കഴിയില്ല.
- കെ ജെ യേശുദാസ്.

PRO
ഞാന്‍ ഒരിക്കലും മറ്റുള്ളവരുടെ കൈയ്യിലെ പാവയായി മാറില്ല. മുതിര്‍ന്ന നേതാക്കളായ അരുണ്‍ ജയ്റ്റ്ലിയും സുഷമ സ്വരാജുമൊന്നും എന്നെ സ്വാധീനിക്കാന്‍ ശ്രമിക്കാറില്ല. അവര്‍ക്ക് അത്തരത്തില്‍ ഒരു ഉദ്ദേശവുമില്ല. എന്നെ അറിയാവുന്നവര്‍ക്ക് ഞാന്‍ മറ്റാരുടെയും സ്വാധീനത്തിന് വഴങ്ങില്ല എന്ന് അറിയാം.
- നിതിന്‍ ഗഡ്കരി