ഇ എം എസിന്‍റെ മരണശേഷം കേരളത്തിലെ കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പ്രസ്ഥാനം ഒരു സൈദ്ധാന്തിക ശൂന്യത അനുഭവിക്കുന്നു എന്നത് സത്യമാണ്. ഒരു പി ഗോവിന്ദപ്പിള്ളയ്ക്കോ, കെ ഇ എന്‍ കുഞ്ഞഹമ്മദിനോ പരിഹരിക്കാന്‍ കഴിയുന്ന നഷ്ടമല്ല അത്. പാര്‍ട്ടിയെ താന്‍ തെളിക്കുന്ന വഴിയിലൂടെ നടത്താന്‍ ത്രാണിയുണ്ടായിരുന്നു ഇ എമ്മിന്. നിലവില്‍ അത്തരമൊരു ദിശാനിര്‍ണ്ണയത്തിനും ആനയിക്കലിനും പ്രാപ്തിയുള്ളവരുടെ അഭാവം കേരളത്തിലെ സി പി എമ്മിനെ പിണറായിയുടെ തൊഴുത്തില്‍ കറങ്ങുന്ന പശു മാത്രമാക്കി.
ഇത്തരമൊരു അവസ്ഥയാണ് ജ്യോതിബസു എന്ന അതികായന്‍റെ അസാന്നിധ്യത്തില്‍ ബംഗാളില്‍ സംഭവിക്കാന്‍ പോകുന്നത്. ബംഗാളിന് മാറുന്ന മുഖം സമ്മാനിക്കാന്‍ ഇനി ജ്യോതിബാബു ഇല്ല എന്ന തിരിച്ചറിവ് തന്നെ ബംഗാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ഭയപ്പെടുത്തുന്നു. ബിമന്‍ ബസുവിനോ ബുദ്ധദേബിനോ നീലോത്പല്‍ ബസുവിനോ തുടങ്ങിവയ്ക്കാന്‍ കഴിയുന്ന ബൌദ്ധിക സംവാദങ്ങള്‍ക്ക് പരിമിതിയുടെ വേലിക്കെട്ടുകളുണ്ട്. അതുകൊണ്ടാണ് അവര്‍ പറയുന്നത്, ആശയങ്ങളുടെ വടവൃക്ഷമായിരുന്നു ജ്യോതിദാ എന്ന്. അപാരമായ അറിവിന്‍റെ ആകാശവിസ്മയമായിരുന്നു എന്ന്.
ജ്യോതിബസുവിന്‍റെ കാഴ്ചപ്പാടുകള്‍ ഏക്കാലവും ടോപ് ആംഗിളിലായിരുന്നു. ലോകത്തിന്‍റെ മൊത്തമുള്ള ദൃശ്യമാണ് അദ്ദേഹത്തിന്‍റെ കണ്ണുകളിലെത്തിയത്. കഷ്ടപ്പെടുന്നവന്‍ ബംഗാളിലായാലും അഫ്ഗാനിയായാലും ചൈനക്കാരനായാലും അമേരിക്കനായാലും ബസുവിന്‍റെ അനുകമ്പയ്ക്ക് അര്‍ഹരായിരുന്നു. ഒരു ലോകൈക വീക്ഷണം നിലനിര്‍ത്തിയതുകൊണ്ടാണ് ബസുവും ഇ എം എസുമെല്ലാം മറ്റ് രാഷ്ട്രീയക്കാരില്‍ നിന്നും സൈദ്ധാന്തികരില്‍ നിന്നും വ്യത്യസ്തരാകുന്നത്.
ഇന്ത്യാ - ചൈന യുദ്ധത്തിന്‍റെ കാലം തന്നെ ഉദാഹരണമായി സ്വീകരിക്കാം. അക്കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ മൂന്ന് വ്യത്യസ്തമായ ആശയഗതികള്‍ പുലര്‍ത്തി. ഇന്‍റര്‍നാഷണലിസ്റ്റ്, സെന്‍ട്രിസ്റ്റ്, നാഷണലിസ്റ്റ് എന്നിങ്ങനെ. ജ്യോതിബസു ഇന്‍റര്‍നാഷണലിസ്റ്റ് ആയിരുന്നു. ഇന്ത്യ - ചൈന യുദ്ധത്തില്‍ ബസു ചൈനയുടെ നിലപാടുകളാണ് ശരിയെന്ന് ഉറക്കെപ്പറഞ്ഞു. ബി ടി രണദിവെ, പി സുന്ദരയ്യ, പി സി ജോഷി, ബസവ പുന്നയ്യ, ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് എന്നിവര്‍ക്ക് ഇക്കാര്യത്തില്‍ ജ്യോതിബസുവിന്‍റെ അഭിപ്രായമായിരുന്നു. എസ് എ ഡാങ്കെ ഉള്‍പ്പടെ ചിലര്‍ ഇന്ത്യയുടെ പക്ഷത്തായിരുന്നു - നാഷണലിസ്റ്റുകള്‍. അജയ് ഘോഷിനെപ്പോലെ കുറച്ചുപേര്‍ ഈ രണ്ടു വിഭാഗത്തിലും പെടാതെ മാറിനിന്നു - സെന്‍ട്രിസ്റ്റുകള്‍.
യുദ്ധകാലത്ത് ചൈനയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത് ജ്യോതിബസുവിനെ അക്കാലത്ത് വിവാദപുരുഷനാക്കിയിരുന്നു. എന്നാല്‍ അത് സ്വന്തം രാജ്യത്തോട് വിരോധമുള്ളതുകൊണ്ടായിരുന്നില്ല. ഈ വിഷയത്തില്‍ സ്വതന്ത്രമായി സ്വീകരിച്ച ഒരു നിലപാടായിരുന്നു അത്. മുമ്പു പറഞ്ഞതുപോലെ - ഒരു ടോപ് ആംഗിള്‍ ദര്‍ശനം. ചിന്തകളിലെ ഇത്തരം മൂന്നാം പാത അദ്ദേഹം മരണം വരെ സൂക്ഷിച്ചു. ബസുവിന്‍റെ ചിന്തകള്‍ക്കൊപ്പം സഞ്ചരിക്കാന്‍ ബംഗാളിലെ മറ്റ് കമ്യൂണിസ്റ്റ് നേതാക്കള്‍ ബുദ്ധിമുട്ടിയിരുന്നു. അതുകൊണ്ടാണ് സിംഗൂരും നന്ദിഗ്രാമുമൊക്കെ ചോരപുരണ്ട ചരിത്രങ്ങളായി മാറിയത്.
വാദവും പ്രതിവാദവും ബംഗാളില്‍ ജ്യോതിബസുവിനെ കേന്ദ്രീകരിച്ചായിരുന്നു മുന്നേറിയിരുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടി വ്യത്യസ്തമായ വഴിയിലൂടെ മാറി നടക്കേണ്ട കാലമാണിതെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. മുതലാളിത്തത്തോടുള്ള സമീപനത്തില്‍, കോണ്‍ഗ്രസിനോടുള്ള സമീപനത്തില്‍ ഒക്കെ വരുത്തേണ്ട മാറ്റത്തെക്കുറിച്ച് ആദ്യം തിരിച്ചറിഞ്ഞ നേതാവായിരുന്നു ജ്യോതിബസു. ആശയ സംഘട്ടനവും വികാസവുമായിരുന്നു അദ്ദേഹം എക്കാലവും ലക്‍ഷ്യമിട്ടത്.
ജ്യോതിബസുവില്ലാത്ത ബംഗാള്‍ ഇം എസ് ഇല്ലാത്ത കേരളം പോലെ ആശയശുഷ്കമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഈ പ്രതിസന്ധിയെ ബംഗാളിലെ കമ്യൂണിസ്റ്റുകാര്‍ എങ്ങനെ നേരിടാന്‍ പോകുന്നു എന്നത് ഉറ്റുനോക്കേണ്ട സംഗതിയാണ്. പ്രത്യേകിച്ചും ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടാകാത്ത രീതിയിലുള്ള പ്രതിസന്ധി സി പി എം ബംഗാളില്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുമ്പോള്‍. മമതാ ബാനര്‍ജിയുടെ വളര്‍ച്ചയും അടിസ്ഥാന വര്‍ഗത്തില്‍ നിന്ന് അകന്ന പാര്‍ട്ടിയെ ജനങ്ങള്‍ തള്ളിപ്പറയുന്നതും ഉറക്കം കെടുത്തുമ്പോള്‍ സി പി എം നേതാക്കള്‍ ജ്യോതിബസു എന്ന തണല്‍മരം എന്നും ആഗ്രഹിക്കും, സ്വപ്നം കാണും.