ഞാന്‍ യേശുദാസിന്‍റെ രണ്ടാം ഭാര്യ

Webdunia
ഞായര്‍, 10 ജനുവരി 2010 (17:49 IST)
ഈ ആഴ്ചയിലെ ആഴ്ചമേള പംക്തിയില്‍ ഗാനഗന്ധര്‍വന്‍ യേശുദാസിന്‍റെ പത്നി പ്രഭ യേശുദാസ്, എഴുത്തുകാരന്‍ സക്കറിയ, -നടന്‍ ശ്രീനിവാസന്‍, -ജനതാദള്‍ സംസ്ഥാന പ്രസിഡന്റ്‌ എം.പി. വീരേന്ദ്രകുമാര്‍, മുന്‍ എം പി കെ എസ് മനോജ്, പിഎം നേതാവ്‌ ടി കെ ഹംസ എന്നിവര്‍ പങ്കെടുക്കുന്നു.

PRO
ദാസേട്ടന്‍റെ രണ്ടാമത്തെ ഭാര്യയാണ് ഞാന്‍. അദ്ദേഹത്തിന്‍റെ ആദ്യഭാര്യ സംഗീതമാണ്. അതിനു ശേഷം ഞാനും മക്കളും. അദ്ദേഹത്തിന്‍റെ ആദ്യഭാര്യയെ അദ്ദേഹത്തേപ്പോലെ ഞങ്ങളും സ്നേഹിക്കുന്നുണ്ട്. അതാണ് ഞങ്ങളുടെ കുടുംബ രഹസ്യം.
- പ്രഭ യേശുദാസ്

PRO
പയ്യന്നൂരില്‍ എന്നെ ആക്രമിച്ചതിന്‌ പിന്നില്‍ ഡിവൈ‌എഫ്‌ഐയുടെ അസഹിഷ്‌ണുതയും, അധികാരത്തിന്റെ ഹുങ്കുമാണ്. അക്രമിച്ചവര്‍ക്കെതിരെ പരാതി നല്‍കില്ല. കാരണം വാദി പ്രതിയാകുന്ന അവസ്ഥയാണ് ഇന്ന് കേരളത്തിലേത്. അതുകൊണ്ട് മിണ്ടാതിരിക്കുന്നതാണ് ബുദ്ധി. പരാതി കൊടുത്താല്‍ ചിലപ്പോള്‍ ഞാനാകും അകത്തു പോവുക.
- സക്കറിയ

PRO
കാലമാണ്‌ എന്റെ കാര്യങ്ങള്‍ തീരുമാനിച്ചത്‌. ഒരിടത്തും ചാന്‍സ്‌ ചോദിച്ചിട്ടില്ല. മണിമുഴക്കം സിനിമയില്‍ പി.എ. ബക്കര്‍, ചോദിക്കാതെ തന്നെ അവസരം തന്നു. സുഹൃത്തുക്കളായ പ്രിയദര്‍ശനും സത്യന്‍ അന്തിക്കാടും നിര്‍ബന്ധിച്ചപ്പോള്‍ മടിയനായ ഞാന്‍ തിരക്കഥയെഴുതി. സിനിമയില്‍ അഭിനിവേശമുണ്ടായിരുന്നില്ല. നല്ലൊരു നാടക നടനാകണമെന്ന ആഗ്രഹത്തോടെയാണ്‌ അഭിനയം പഠിച്ചത്‌. വിധി എന്നെ സിനിമയുടെ വഴിയിലെത്തിക്കുകയായിരുന്നു.
- ശ്രീനിവാസന്‍

PRO
ധൈര്യമുണ്ടെങ്കില്‍ പിണറായി വിജയന്റെ വീടിന്റെ ചിത്രം പാര്‍ട്ടി ചാനലിലും പത്രത്തിലും പ്രസിദ്ധീകരിക്കട്ടെ. പിണറായിയുടെ വീടിന്റെ പടം കൊടുക്കണമെങ്കില്‍ അതിനു ചുറ്റും കോടികള്‍ ചെലവിട്ട്‌ അതിലും വലിയ വീടുകള്‍ വേറെ നിര്‍മിക്കണം. അതിനു നടുവില്‍ പിണറായിയുടെ 'കുഞ്ഞു വീട്‌ നില്‍ക്കുന്ന ചിത്രം കൊടുക്കാം. സിപിഎം ഇന്ന്‌ ബുദ്ധിവിട്ടുപോയ ജീവികളുടെ പാര്‍ട്ടിയാണ്‌. സിപിഎമ്മിലിപ്പോള്‍ ബുദ്ധിജീവികളില്ല.
- എം പി വീരേന്ദ്രകുമാര്‍.

PRO
അഞ്ചു വര്‍ഷം എം.പിയായിരുന്നതും വീണ്ടും മത്സരിച്ചതും ദൈവവിളിയാണ്‌. ഇപ്പോള്‍ ധ്യാനത്തിന്റെ വേളയാണ്‌. ക്രൈസ്‌തവ ദര്‍ശനവും കമ്മ്യൂണിസ്റ്റ്‌ പ്രത്യയശാസ്‌ത്രവും തമ്മില്‍ താദാത്‌മ്യമുണ്ട്‌. പ്രത്യേകിച്ച്‌ പാവങ്ങളോടുളള നിലപാടില്‍. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി അംഗത്വം സ്വീകരിക്കാനുള്ള കാരണം ഇതായിരുന്നു.
പാവങ്ങളോടുള്ള പാര്‍ട്ടിയുടെ സമീപനത്തില്‍ മാറ്റം വന്നിട്ടുണ്ട്‌. പാര്‍ട്ടി അംഗങ്ങളുടെ മതവിശ്വാസത്തിന്റെ വിഷയത്തില്‍ സിപിഎം പ്രത്യയശാസ്‌ത്ര പ്രതിസന്‌ധി നേരിടുകയാണ്.
- കെ എസ് മനോജ്

PRO
സിപിഎമ്മിന്റെ ശത്രുപാളയത്തില്‍ ഇടം നേടാനുളള ശ്രമമാണു കെ എസ്‌ മനോജ്‌ നടത്തുന്നത്. മതപരമായ വിശ്വാസങ്ങളുമായി പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്നതില്‍ യാതൊരു തടസവുമില്ല. താനും മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാറുണ്ട്‌. ഇക്കാര്യം പാര്‍ട്ടിക്കറിയാം. മറ്റൊരു കുറ്റവും പറയാനില്ലാത്തതു കൊണ്ടാണ്‌ പാര്‍ട്ടി വിടുന്നവര്‍ മതപരമായ കാര്യങ്ങളെ കൂട്ടുപിടിക്കുന്നത്‌.
- ടികെ ഹംസ.