കോടതിയൊക്കെ കേരളാ പൊലീസിന് പുല്ലാ!

Webdunia
വ്യാഴം, 17 മെയ് 2012 (18:22 IST)
PRO
PRO
കാറുകളില്‍ സ്വകാര്യതയ്ക്കായി ഒട്ടിച്ച സണ്‍ ഫിലിം പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. വാഹനങ്ങളുടെ ഗ്ളാസില്‍ സണ്‍ ഗ്ളാസ് ഫിലിം, ബ്ലാക്ക് ഫിലിം എന്നിവ പതിക്കുന്നതിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് മെയ് മാസം 5 തൊട്ട് നടപടി സ്വീകരിക്കാനും തുടങ്ങി. സംഗതിയൊക്കെ കൊള്ളാം. പക്ഷേ, എന്നിട്ട് എന്തുണ്ടായി? സുതാര്യമായ ഗ്ലാസിന് പിന്നില്‍ കര്‍ട്ടനിട്ട് കേരളാ പൊലീസ് തന്നെ സുപ്രീംകോടതി ഉത്തരവ് പൊളിച്ചു.

കേരളത്തിലെ ഒരു പ്രമുഖ മാധ്യമമായ കേരളകൌമുദിയാണ് ‘ഏമാന്‍‌മാര്‍’ വിധിയെ മറികടക്കാനുള്ള സൂത്രം കണ്ടെത്തിയ കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒട്ടിച്ച സണ്‍ ഗ്ലാസ് കീറിമാറ്റുന്നതും ‘റിമോട്ട്’ കണ്‍‌ട്രോളില്‍ പ്രവര്‍ത്തിക്കുന്ന കര്‍ട്ടന്‍ പിടിപ്പിക്കുന്നതും സര്‍ക്കാര്‍ ചെലവില്‍ തന്നെയാണെത്രെ. അതായത്, സാധാരണക്കാരന്‍ കൊടുക്കുന്ന നികുതി രൂപം മാറി ഏമാന്മാരുടെ കര്‍ട്ടനാവുന്നു എന്ന് സാരം.

കളര്‍ ഗ്ലാസ് ഒട്ടിച്ച വാഹനങ്ങള്‍ക്കുള്ളില്‍ ‘അരുതാത്ത’ പല കാര്യങ്ങളും നടക്കുന്നുണ്ടെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് സുപ്രീം കോടതി സണ്‍ ഫിലിം നിരോധിച്ചത്. എന്നാല്‍, സണ്‍ ഫിലിമിനേക്കാളും അപകടകാരിയായ കര്‍ട്ടനിട്ടാണ് ഉന്നത പൊലീസ് അധികാരികള്‍ കോടതി ഉത്തരവിനെ മറികടക്കുന്നത്. ചില ഉന്നത ഉദ്യോഗസ്ഥര്‍ പതിനയ്യായിരം രൂപയുടെ കര്‍ട്ടന്‍ വേണമെന്ന് ആവശ്യപ്പെട്ടതായും കൌമുദി വെളിപ്പെടുത്തുന്നു.

കളര്‍ ഫിലിം നിരോധിച്ചതോടെ, ‘സ്വകാര്യത’ വളരെയധികം ആവശ്യമുള്ള സിനിമാ താരങ്ങളാണ് ശരിക്കും വെട്ടിലായത്. സംസ്ഥാന പൊലീസ് തന്നെ കോടതി വിധി പൊളിച്ചടുക്കിക്കൊണ്ട് കര്‍ട്ടനിടാന്‍ തുടങ്ങിയതോടെ കയ്യില്‍ കാശുള്ള താരങ്ങളും അതുതന്നെ ചെയ്യും. അല്‍‌പം സ്വകാര്യത വേണമെന്ന് കരുതി കാറോ വാനോ വാങ്ങുന്ന സാധാരണക്കാരാകട്ടെ, ഈ കസര്‍ത്തുകളുടെ ഇടയില്‍ നിന്ന് എപ്പോഴത്തേയും പോലെ വിയര്‍ക്കും. അത്ര തന്നെ!