എന്‍ എസ് എസിന്‍റെ കളി മുരളീധരനെ മന്ത്രിയാക്കാന്‍!

Webdunia
വ്യാഴം, 25 ഏപ്രില്‍ 2013 (13:38 IST)
PRO
കെ ബി ഗണേഷ്കുമാര്‍ രാജിവച്ച ഒഴിവില്‍ ആരെ മന്ത്രിയാക്കണമെന്ന ചര്‍ച്ച യു ഡി എഫില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതു സംബന്ധിച്ച് ഒരു ചര്‍ച്ചയും നടക്കുന്നില്ലെന്ന് യു ഡി എഫ് കണ്‍‌വീനറും കെ പി സി സി പ്രസിഡന്‍റും മുഖ്യമന്ത്രിയും പറയുന്നുണ്ടെങ്കിലും അതല്ല വസ്തുത. വലിയ തോതില്‍ ഇക്കാര്യത്തില്‍ കൂടിയാലോചനകള്‍ നടക്കുന്നുണ്ട്.

ഗണേഷിന് പകരം വരുന്നത് നായര്‍ സമുദായാംഗമായ എം എല്‍ എ ആയിരിക്കും എന്നുറപ്പാണ്. ഇത് മുന്നില്‍ക്കണ്ടാണ് കെ മുരളീധരന്‍ എന്‍ എസ് എസ് നേതൃത്വവുമായും എസ് എന്‍ ഡി പി നേതൃത്വവുമായും ചര്‍ച്ച നടത്തിയത്. ഇരു സംഘടനകളും മുരളി മന്ത്രിയാകുന്നതിനോട് അനുകൂലമാണ്. എന്നാല്‍ മുരളിയെ മന്ത്രിയാക്കുന്നതില്‍ ഉമ്മന്‍‌ചാണ്ടിക്കോ രമേശ് ചെന്നിത്തലയ്ക്കോ തെല്ലുമില്ല താല്‍പ്പര്യം.

ഇവിടെയാണ് എന്‍ എസ് എസ് കളമറിഞ്ഞ് കളിക്കുന്നത്. മുരളീധരനെ മന്ത്രിയാക്കുന്നില്ല എന്നുറപ്പായതോടെ കോണ്‍ഗ്രസിനെ വെട്ടിലാക്കാന്‍ തന്നെയാണ് എന്‍ എസ് എസ് തീരുമാനിച്ചിരിക്കുന്നത്. ഗണേഷിനെ മന്ത്രിസഭയിലേക്ക് തിരികെയെത്തിക്കണമെന്നാണ് എന്‍ എസ് എസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ കുഴപ്പത്തിലായത് കോണ്‍ഗ്രസാണ്.

പേരുദോഷം മൂലം മന്ത്രിസ്ഥാനം നഷ്ടപ്പെട്ടയാളാണ് ഗണേഷ്. അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരുന്നതില്‍ അദ്ദേഹത്തിന്‍റെ പാര്‍ട്ടിയോ പിതാവോ പോലും താല്‍പ്പര്യപ്പെടുന്നില്ല. മറ്റ് ഘടകകക്ഷികളില്‍ പലര്‍ക്കും എതിര്‍പ്പുണ്ട്. അപ്പോള്‍ പിന്നെ എന്‍ എസ് എസിന്‍റെ നിലപാടില്‍ അനുകൂലമായ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല.

അല്ലെങ്കില്‍ തന്നെ എന്‍ എസ് എസും കോണ്‍ഗ്രസും തമ്മില്‍ വലിയ അകല്‍ച്ചയിലാണ്. ഗണേഷിനെ തിരികെ കൊണ്ടുവരണമെന്ന എന്‍ എസ് എസിന്‍റെ ആവശ്യം സ്വീകരിക്കാനുള്ള സാഹചര്യമില്ലാത്തതിനാല്‍ കോണ്‍ഗ്രസ് അത് തള്ളിക്കളയും. അങ്ങനെയുണ്ടായാ‍ല്‍ അത് എന്‍ എസ് എസുമായുള്ള ബന്ധം കൂടുതല്‍ വഷളാക്കും. അപ്പോള്‍ പുതിയ മന്ത്രി ആരാവണമെന്ന കാര്യത്തില്‍ മറ്റൊരു പേര് നിര്‍ദ്ദേശിക്കണമെന്ന് എന്‍ എസ് എസിനോട് തന്നെ കോണ്‍ഗ്രസിന് അഭ്യര്‍ത്ഥിക്കേണ്ടിവരും.

നിലവിലെ സാഹചര്യത്തില്‍ മുരളീധരനെ മന്ത്രിയാക്കണമെന്ന് എന്‍ എസ് എസ് നിര്‍ദ്ദേശിക്കാനാണ് സാധ്യത. വെള്ളാപ്പള്ളി നടേശനും അതിനെ പിന്താങ്ങുന്നുണ്ട്. ചുരുക്കത്തില്‍ ഗണേഷിന് വേണ്ടി എന്‍ എസ് എസ് കഴിഞ്ഞ ദിവസം വാദിച്ചെങ്കിലും അത് മുരളീധരനെ മന്ത്രിയാക്കുന്നതിനുള്ള പാതയൊരുക്കലായിരുന്നു എന്ന് വേണം മനസിലാക്കാന്‍.