ഉത്തര്‍‌പ്രദേശില്‍ മറ്റൊരു പിള്ളയും ഗണേഷും

Webdunia
വെള്ളി, 16 മാര്‍ച്ച് 2012 (09:52 IST)
PTI
ഉത്തര്‍‌പ്രദേശില്‍ മായാവതിയെ തകര്‍ത്ത് ഭരണം പിടിച്ചതോടെയാണ് അഖിലേഷ് യാദവ് എന്ന താരം ഉദിക്കുന്നത്. ‘രാഹുല്‍ ഗാന്ധിയേക്കാള്‍ ഗംഭീരന്‍’ എന്നാണ് മാധ്യമങ്ങള്‍ അഖിലേഷിന് ചാര്‍ത്തിക്കൊടുത്ത പട്ടം. അഖിലേഷിന്റെ ‘തന്ത്രപരമായ’ നീക്കങ്ങളും ഇമേജുമാണ് ഉത്തര്‍പ്രദേശ് പിടിച്ചടക്കാന്‍ സമാജ്‌വാദി പാര്‍ട്ടിയെ സഹായിച്ചതത്രെ. ‘മാധ്യമ വിടുവായത്തം’ എന്നല്ലാതെ എന്ത് പറയാന്‍?

വാര്‍ത്തകള്‍ അഗ്രഗേറ്റുചെയ്യാന്‍ ഗൂഗിളിന് ‘ന്യൂസ് ഡോട്ട് ഗൂഗിള്‍ ഡോട്ട് കോം’ എന്നൊരു വിഭാഗമുണ്ട്. അതില്‍ വര്‍ഷമനുസരിച്ചും മാസമനുസരിച്ചും ആഴ്ചയനുസരിച്ചും തിരയാനുള്ള സൌകര്യമുണ്ട്. സമാജ്‌വാദി പാര്‍ട്ടി പ്രതിപക്ഷത്തായിരുന്നപ്പോള്‍ അഖിലേഷ് നടത്തിയ ‘തന്ത്രപരമായ’ നീക്കങ്ങളെ പറ്റി അറിയാന്‍ സ്വാഭാവികമായും എനിക്ക് കൌതുകമുണ്ടായി.

ഗൂഗിള്‍ 2010ല്‍ ഇംഗ്ലീഷ് മാധ്യമങ്ങളെ വാര്‍ത്ത അഗ്രഗേറ്റ് ചെയ്തതില്‍ തിരഞ്ഞപ്പോള്‍ ‘അഖിലേഷ് യാദവ്’ എന്ന പേര് 88 തവണ ആവര്‍ത്തിക്കുന്നതായി കണ്ടു. 2011ലാകട്ടെ (കഴിഞ്ഞ വര്‍ഷം) 110 തവണയാണ് കക്ഷിയുടെ പേര് പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ കഴിഞ്ഞ മാസം 2,270 തവണ ഈ പേര് ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ആഴ്ചയില്‍ 2,460 തവണയും. അതായത് ‘പോസ്റ്റ് യു ‌പി ഇലക്ഷന്‍ ബേബി’യാണ് അഖിലേഷെന്ന് സാരം.

അടുത്ത പേജില്‍ - ‘സുഹൃത്തേ, ബംഗാളില്‍ മമത പോകും, ഇടത് വരും!’

PTI
മാധ്യമങ്ങള്‍ ചുമന്ന് നടക്കുന്ന സാരമാണ് അഖിലേഷെന്നാണ് എന്റെ വാദം. അല്ലെങ്കില്‍, കഴിഞ്ഞ വര്‍ഷങ്ങളില്‍ അഖിലേഷ് എവിടെയായിരുന്നു. എത്ര പേര്‍ക്ക് അഖിലേഷിനെ പറ്റി അറിയാമായിരുന്നു? 2009 തൊട്ടേ അഖിലേഷ് എം‌ പി ആയിരുന്നു എന്ന കാര്യവും ശ്രദ്ധേയമാണ്. എന്നിട്ടും ഈ ‘ബാലനെ’ തിരിച്ചറിയാന്‍ ഇന്ത്യാ മഹാരാജ്യത്തെ ആളുകള്‍ക്ക് യു പി തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വന്നു.

ഒരു കരണത്തടിച്ചാല്‍ മറുകരണം കാണിച്ചുകൊടുക്കുക എന്നത് പാവം പൊതുജനത്തിന്റെ സ്വഭാവമാണ്. കേരളത്തില്‍ വളരെക്കാലമായി ഇത് നടക്കുന്നു. ഒരുപ്രാവശ്യം ഇടതെങ്കില്‍ അടുത്തത് വലത്. (‘എരിവ്’ അധികമുള്ള സംസ്ഥാനങ്ങളില്‍ ഇത് നടന്നേക്കില്ല, കശ്മീരും ഗുജറാത്തുമൊക്കെ ഉദാഹരണങ്ങള്‍.) തമിഴ്നാട്ടിലും ഇതുതന്നെ നടക്കുന്നു. ഇതു മാത്രമാണ് യു പിയിലും നടന്നത്. ബംഗാളില്‍ നടക്കാന്‍ പോകുന്നതും അതുതന്നെ.

അഖിലേഷ് യാദവ് പ്രചാരണം നടത്തിയില്ലെങ്കിലും ‘തന്ത്രപരമായ’ നീക്കങ്ങള്‍ ‘വിഭാവനം’ ചെയ്തില്ലെങ്കിലും ഉത്തര്‍‌പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി ജയിക്കുമായിരുന്നു. ഉത്തര്‍പ്രദേശില്‍ പ്രാദേശികപാര്‍ട്ടികളായ എസ്പിക്കും ബി‌എസ്‌പിക്കും ഒഴികെ ആര്‍ക്കും വേരോട്ടമില്ല. തമിഴ്നാട്ടിലെ അവസ്ഥയേക്കാള്‍ ഒരല്‍‌പം മെച്ചമുണ്ട് കോണ്‍ഗ്രസിന് എന്ന് മാത്രം. എന്നിട്ടും പഴി മുഴുവന്‍ രാഹുലിന്!

അടുത്ത പേജില്‍ - ‘ഉത്തര്‍‌പ്രദേശില്‍ മറ്റൊരു പിള്ളയും ഗണേഷും’

PTI
കാര്യം ഇതൊക്കെയാണെന്ന് അസലായി അറിയാമായിരുന്നിട്ടും മകനെ മുഖ്യമന്ത്രിയാക്കാന്‍ എന്തുകൊണ്ടാണ് മുലായം തയ്യാറായത്? മാധ്യമങ്ങള്‍ കൊട്ടും കുരവയുമായി അഖിലേഷിനെ എഴുന്നള്ളിക്കുമ്പോള്‍ മുലയത്തിന് വേറെ വഴിയില്ലാതായി. മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ മകന്റെ രാഷ്ട്രീയഭാവിയെ ഞെരിച്ചുകൊന്ന ‘പെരുന്തച്ച’നെന്ന് ചീത്തപ്പേര് വീഴും. അതില്ലാതിരിക്കാന്‍ അഖിലേഷിനെ വാഴിച്ച് പിന്നിലിരുന്ന് ചരട് വലിക്കാന്‍ മുലായം തയ്യാറാവുകയായിരുന്നു.

മാധ്യമമെന്ന ആനപ്പുറത്ത് കയറിയപ്പോള്‍ അഖിലേഷിനും കൂട്ടര്‍ക്കും ചില തെറ്റിദ്ധാരണകള്‍ ഉണ്ടായി. ആനയുടെ വലുപ്പം തന്റെ വലുപ്പമാണെന്ന് തെറ്റിദ്ധരിക്കുന്ന അവസ്ഥ. അങ്ങനെയാണ് മുലായത്തിന്റെ അടുത്ത അനുയായിയായ അസം ഖാന് നേരെ അഖിലേഷിന്റെ കടുത്ത അനുയായിയായ രാജീവ് റായ് കുതിര കയറാന്‍ ചെന്നത്. ഫലമോ, സമാജ് വാദി പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറി പദവിയില്‍ നിന്ന് രാജീവ് റായ് തെറിച്ചു.

മുഖ്യമന്ത്രി പദം ഏറ്റെടുത്ത ദിവസം മറ്റൊരു ദുര്യോഗം അഖിലേഷിനെ തേടിയെത്തി. ‘ആന്റി-ദാദഗിരി’ പോരാളിയായ അഖിലേഷിന് ഉത്തര്‍പ്രദേശിലെ ‘ദാദ’യായ രാജ ഭയ്യയെ മന്ത്രിയാക്കേണ്ടി വന്നു. ‘അഖിലേഷിന് അരക്കഴിഞ്ചിന് മെച്യുരിറ്റി’യില്ല എന്ന് പലവട്ടം പറഞ്ഞ ഭയ്യയിപ്പോള്‍ മന്ത്രിയാണ്. കൊലക്കുറ്റമടക്കം അനേകം കേസുകളില്‍ പ്രതിയായ രാജ ഭയ്യയെ സമാജ്‌വാദി പാര്‍ട്ടിയില്‍ എടുക്കാനേ പാടില്ല എന്ന് പ്രസംഗിച്ച് നടന്ന ‘വ്യത്യസ്തനാം ബാലന്റെ ദുര്യോഗങ്ങള്‍’ എന്നല്ലാതെ എന്ത് പറയാന്‍!